പാലക്കാട്: കേരളത്തെ നടുക്കിയ അട്ടപ്പാടി മധുവധക്കേസിൽ ഒന്നാംപ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു. മറ്റ് പ്രതികൾ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2018 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധുവിനെ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ആളുകൾ കാട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന മധുവിനെ കൈകൾ പിന്നിൽ കെട്ടി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരിക്കുകയായിരുന്നു.
സംഭവം രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മണ്ണാർക്കാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി നേരത്തെ കേസിൽ 14 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

