തുടർച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ച് നിർമലാ സീതാരാമൻ; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തുടർച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ചു നിർമലാ സീതാരാമൻ; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ന്യൂ‍ഡൽഹി: പാർലമെന്റ് ചരിത്രത്തിലെ റെക്കോർഡ് തിരുത്തി നിർമലാ സീതാരാമൻ. തുടർച്ചയായ ഏഴാം ബജറ്റ് അവതരണമെന്ന റെക്കോർഡ് നിർമലാ സീതാരാമൻ സ്വന്തമാക്കി. മൂന്നാം മോദി സർക്കാരിന്റെ ആ​ദ്യ ബജറ്റ് അവതരിപ്പിച്ചതോടെയാണ് അപൂർവ റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമായത്. ആറ് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് ഇതോടെ തിരുത്തപ്പെട്ടു.

മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റിൽ, സ്ത്രീകൾ, കർഷകർ, യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നതായി ധനമന്ത്രി പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തിൽ

* വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം
* ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.
* രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണം
* ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം
* മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി
* രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.
* സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാ​ഗത്തിലും ഒഴിവാക്കി
* തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ
* 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം
* ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ
* പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
* കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും.
* സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
* വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി

* കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും.
* ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും.
* നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.
* പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോ‍ഡുകളാണ് ഇതിൽ നിര്‍മ്മിക്കുക. 25,000 ​ഗ്രാമീണ മേഖലകളിൽ റോഡുകൾ നിര്‍മ്മിക്കും.

* നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും.
* വികസിത നഗരങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു
* 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.
* കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും. ക്യാൻസർ രോ​ഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
* മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും.
* സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.
* ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും
* പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
* സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും.

* ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്.
* വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു

* ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചു.
* ആദായനികുതി ആക്ട് പുനപരിശോധിക്കും
* മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000-ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാം.
* ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല
* പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു
* കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും

* എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി
* കാർഷിക അനുബന്ധ മേഖലകൾക്ക് 1.52 ലക്ഷം കോടി.
* കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും
* കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും
* മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും

* ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം
* എംഎസ്എംഇകൾക്ക് പ്രത്യേക ​പരി​ഗണന നല്‍കും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും.

* കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി അമൃത്സർ-കൊൽക്കത്ത വ്യവസായ ഇടനാഴിക്ക് സാമ്പത്തിക സഹായം.

* പട്ന-പൂനെ എക്സ്പ്രസ് വേ, ബു​ക്സാർ-ഭ​ഗൽപൂർ ഹൈവേ, ബോധ്​ഗയ-രാജ്​ഗിർ‌-വൈശാലി- ദർഭം​ഗ റോഡ്, ബുക്സറിൽ ​ഗം​ഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈൻ പാലം എന്നിവയ്‌ക്ക് 26,000 കോടി.

* പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
* ബിഹാറിൽ പുതിയ വിമാനത്താവളം, ഹൈവേ വികസനത്തിന് 26,000 കോടി.
* ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം
* ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

* ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം
* ആന്ധ്രയിലെ കർഷകർക്കും ജലസേചന പദ്ധതിക്കും പ്രത്യേക സഹായം