ലോകം ഇനി പാരിസിലേക്ക്; ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് ഇന്ന്.

ലോകം ഇനി പാരിസിലേക്ക്; ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് ഇന്ന്.

പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ ഇന്ന് രാത്രി 7.30-ന് (3:30 AM AEST) ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകും. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. ഒളിംപിക്‌സ് കായികമാമാങ്കത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്താണ് നടക്കുക. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടന ചടങ്ങായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. 3,000-ത്തോളം കലാകാരന്മാർ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉദ്ഘാടന ചടങ്ങുകള്‍ വലിയ ജനവിഭാഗത്തിലേക്ക് എത്തുമെന്നതും ഉദ്ഘാടന ചടങ്ങിന്റെ പ്രത്യേകതയാണ്. ഇതിനായി തയ്യാറാക്കപ്പെട്ടിരിക്കുന്നത് 80 സ്‌ക്രീനുകളാണ്. പാരിസ് നഗരത്തിന്റെ ഏറെക്കുറെ എല്ലാ മൂലകളിലുമുണ്ട് ഏതെങ്കിലുമൊരു മത്സരവേദി. കൊവിഡ് മഹാമാരി ശോഭ കെടുത്തിയ ഗെയിംസിനു ശേഷം അതിന്റെ കുറവ് തീർക്കുന്ന വർണശബളിമ ഇക്കുറി പ്രതീക്ഷിക്കാം. യുക്രെയ്നും ഗാസയും കൂടി വിദൂരങ്ങളിൽനിന്ന് ഈഫൽ ടവറിനു മീതേ ആശങ്കയുടെ നിഴലുകൾ വീഴ്ത്തുന്നുണ്ട്.

ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇതിനോടകം ഫുട്‌ബോളും അമ്പെയ്ത്തുമെല്ലാം ആരംഭിച്ചുകഴിഞ്ഞു. വീറും വാശിയും നിറഞ്ഞ പോരാട്ട ചൂടിന്റെ ദിനങ്ങളാണ് ആരാധകരെ ഇനി കാത്തിരിക്കുന്നത്. പ്രതീക്ഷയോടെയാണ് ഇന്ത്യയും ഇത്തവണ പാരീസിലേക്കെത്തുന്നത്.