ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഭീകരാക്രമണം ഒരു സൈനികന് വീരമൃത്യു. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്നാണ് സൂചന. നിലവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ പൗരൻ ബിഎടി അംഗമാണെന്നാണ് നിഗമനം. പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമാണ് (ബിഎടി) നിയന്ത്രണരേഖയ്‌ക്ക് സമീപം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ സൈന്യത്തിൽ നിന്നുള്ള കമാൻഡോകളും തീവ്രവാദികളും ഇതിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
കാർഗിൽ വിജയ് ദിവസത്തിൽ പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീതു നൽകിയതിനു പിന്നാലെയാണ് അതിർത്തി മേഖലയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച പുലർച്ചെ 2.30-നാണു കുപ്‌വാരയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖയിലെ (എൽഒസി) കംകാരി പോസ്റ്റിന് സമീപം തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ നീക്കം സൈന്യം കണ്ടെത്തിയത്. കീഴടങ്ങാൻ സൈന്യം മുന്നറിയിപ്പു നൽകിയെങ്കിലും ഇവർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജൂലൈ 24-ന് കുപ്‌വാരയിലെ ലോലാബ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചു. 50-ഓളം പാക് ഭീകരർ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ ഉയർന്ന പ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഭീകരരെ പിടികൂടാൻ ഈ പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടന്നുവരികയാണ്.