വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ഇത് വരെ 133 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരുന്നു. സൈന്യം താത്കാലിക പാലം നിർമ്മിച്ചതു രക്ഷാപ്രവർത്തനത്തിന് വേഗം കൈവന്നിട്ടുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടൽമഞ്ഞുണ്ട്. ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള ഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് മഴ ഇനിയും തോര്‍ന്നിട്ടില്ല. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 82 പേര് ചികിത്സയിൽ കഴിയുന്നുണ്ട്. മേപ്പാടി ആശുപത്രിയിൽ 27 പേരും കല്‍പ്പറ്റ ജനറൽ ആശുപത്രിയിൽ 13 പേരും ചികിത്സയിലുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.
മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ല. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെംഗളൂരുവിൽ നിന്നാണ് എത്തുക.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. ഇടുക്കി ഇടമലക്കുടിയിലേക്കുള്ള വഴി തകർന്നു. പെട്ടിമുടിയിൽ നിന്ന് ഇടമലക്കുടിയിലേക്ക് പോകുന്ന വഴിയിലുള്ള ബസാറിനു മുൻപുള്ള പാലമാണ് തകർന്നത്. കനത്ത മഴയെ തുടർന്ന് തൃശ്ശൂരിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വടക്കാഞ്ചേരി വള്ളത്തോൾ സെക്ഷനിലെ വെള്ളക്കെട്ട് കാരണം നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിലായി നൂറിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും അടച്ചിരുന്നു. പാലക്കാട് പട്ടാമ്പി പാലം പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ അടച്ചു. കോഴിക്കോട് കാരാട് തിരുത്തിയാട് ശക്തമായ മഴയിൽ വീടുകളിലും കടകളിലും വെള്ളം കയറി. കടകളെല്ലാം ഒഴിഞ്ഞു.
കോതമംഗലം- തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറി. കോളനിയിലെ 33 – ഓളം കുടുംബങ്ങളെ. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് കോട്ടയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർന്ത്രണമേർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനം വിലക്കിയത്. ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാർ ഗ്യാപ്പ് റോഡിൽ യാത്ര നിരോധിച്ചിട്ടുണ്ട്. ആലത്തൂരിൽ ഉരുൾപൊട്ടൽ ഉണ്ടായി. ആലത്തൂർ വീഴുമലയിലും ഉരുൾപൊട്ടി. മലയുടെ അടിവാരമായ കാട്ടുശ്ശേരി ഭാഗത്തേക്കാണ് മണ്ണും കല്ലും കുത്തിയൊലിച്ച് ഇറങ്ങിയിരിക്കുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാവൂർ ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളിലായി നൂറിലേറെ വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളം കയറിയതിനെ തുടർന്ന് വിവിധ ഇടങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. നിരവധി നദികൾ നിറഞ്ഞു കവിയുകയും ചെയ്തിട്ടുണ്ട്. വടക്കൻ കേരളത്തിൽ അടുത്ത് രണ്ടു ദിവസവും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെഡ് അലേർട്ട്.