കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെഡ് അലേർട്ട്.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെഡ് അലേർട്ട്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത എന്ന് റിപ്പോർട്ട്. 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പീച്ചി ഡാമിന്റെ 4 സപ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നു. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്.തമിഴ്നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമർദപാത്തി കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. അതിനൊപ്പമാണ് കഴിഞ്ഞ രാത്രി അതിതീവ്ര മഴയും പെയ്തത്. 24 സെന്റീമീറ്ററിനു മുകളിലാണ് ഇന്നലെ പെയ്ത മഴ.

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 73 മരണം സ്ഥിരീകരിച്ചു.