മുണ്ടക്കൈയിൽ 135 മൃതദേഹങ്ങൾ കണ്ടെത്തി; രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും.

മുണ്ടക്കൈയിൽ 135 മൃതദേഹങ്ങൾ കണ്ടെത്തി; രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും.

മേപ്പാടി: ഉരുൾപ്പൊട്ടൽ തകർത്ത വയനാട്ടിലെ മുണ്ടക്കൈയിലെ ഏതാണ്ട് 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾ രാത്രി താൽക്കാലികമായി അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. ഇന്നലെ വെളുപ്പിനെ 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു നാശം വിതച്ചത്. കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണായും ഇല്ലാതാക്കി. ദുരന്തത്തിൽ ഇതുവരെ 135 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. 180-ലധികം പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്.

ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താൽക്കാലിക പാലം ഉണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കയര്‍ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 300 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. കുടുങ്ങിക്കിടന്നതായി വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും എല്ലാവരെയും രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

വയനാട് ദുരന്തത്തിന്റെ ഭാഗമായി 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളിൽ കഴിയുന്നത്. മുണ്ടക്കൈ ഭാഗത്ത് മാത്രം 50-ൽ അധികം വീടുകള്‍ തകർന്നതായാണ് വിവരം. മുണ്ടക്കൈ ടൗൺ പൂർണമായും ഉരുൾപ്പൊട്ടലിൽ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. 116 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അട്ടമലയിലും ചുരൽമലയിലും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത രക്ഷാപ്രവർത്തകർ തള്ളുന്നില്ല. അതിനാൽ പുലർ‌ച്ചെ ആരംഭിക്കുന്ന രക്ഷാ പ്രവർത്തനത്തിൽ ഇവിടെയുള്ളവരെ പുറത്തേക്കെത്തിക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും രക്ഷാദൗത്യം. ദുരന്തഭൂമിയിൽ കാണാതായവരുടെ എണ്ണം സംഭവിച്ച് കൃത്യമായ കണക്കില്ല. മുണ്ടകൈയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചിരുന്നു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അം​ഗ സംഘംദുരന്തഭൂമിയിലെത്തിയിരുന്നു.

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും അതിദാരുണമായ ദുരന്തമാണ് ഉണ്ടായതെന്നും രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളവര്‍ മാത്രമേ ഇപ്പോള്‍ അവിടേയ്ക്കു പോകാന്‍ പാടുള്ളു. രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്ന തരത്തില്‍ ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് എല്ലാ സഹായവും ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരുന്നതായും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപനവും നല്‍കുകയാണ്. ദുരന്തമുണ്ടായി ഉടന്‍തന്നെ എന്‍ഡിആര്‍എഫിന്റെ രണ്ടു ടീമുകള്‍, ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് സംഘങ്ങള്‍, എയര്‍ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ എന്നിവ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചതായും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. മൂന്ന് ബെയ്‌ലി പാലങ്ങളുടെ നിര്‍മ്മാണത്തിനായി മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് സംഘങ്ങള്‍ അവശ്യസാധന സാമഗ്രികളുമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് കണ്‍ട്രോള്‍ റൂമുകളും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നു. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് (ജൂലൈ 31 ബുധനാഴ്ച) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്.

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, മരണം 133 ആയി.