ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടു.

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടു.

ടെൽഅവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയും കൂട്ടാളികളും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. ഹനിയയും ഇയാളുടെ സഹായിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിലെ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. ഹമാസും ഹനിയയുടെ മരണം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹനിയ കഴിഞ്ഞ ദിവസം ഇറാനിലെത്തിയത്. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇസ്രായേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഉണ്ടായ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇസ്മായിൽ ഹനിയ. ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഹനിയയുടെ മക്കളും ചെറുമക്കളും ഏതാനും മാസം മുൻപ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ലെബനനിലെ ബെയ്റൂട്ടിൽ ഹിസ്ബുള്ള കമാൻഡർ ഷുക്കറിനെയും ഇസ്രായേൽ വധിച്ചിരുന്നു. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയ. ഹമാസിന് വിദേശ സഹായം എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് ഇസ്മായിൽ ഹനിയ.

അതിനിടെ ബെയ്‌റൂട്ടിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് കമല ഹാരിസ് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കമല ഹാരിസിന്റെ പ്രതികരണം. ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കമല ഹാരിസ് ആവശ്യപ്പെട്ടിരുന്നു.