വയനാട് ദുരന്തം: മരണം 270 ആയി, തിരച്ചിൽ തുടരുന്നു.

വയനാട് ദുരന്തം; തെരച്ചിൽ തുടരുന്നു.

വയനാട്: വിലാപ ഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. ജീവന്റെ തുടിപ്പിനായി ഇന്ന് രാവിലെ ഏഴ് മണി മുതൽ രക്ഷാപ്രവർത്തകർ ദുരന്തമേഖലയിൽ സജീവമായി. രക്ഷാപ്രവർത്തനം ആരംഭിച്ചത് മുതൽ നിരവധി മൃതദേഹങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 270 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 225 പേരെ കണ്ടെത്താനുണ്ട്. അഞ്ചു സംഘങ്ങളായി 210 സൈനികരാണ് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഡോഗ് സ്ക്വാഡിനെ അടക്കം പ്രയോജനപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ തിരയുകയാണ് സംഘം ചെയ്യുന്നത്. തകർന്നടിഞ്ഞ വീടുകളിലാണ് ആദ്യം തെരച്ചിൽ നടത്തുന്നത്. ചെറിയൊരു ശ്വാസമെങ്കിലും ഉണ്ടെങ്കിൽ അവരെ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന. എന്നാൽ ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിക്കാൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധന സാധ്യമല്ല. മേൽക്കൂരകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ കോൺക്രീറ്റ് പാളികൾ മാറ്റുന്നതിന് പ്രയാസം നേരിടുന്നുണ്ട്. തെരച്ചിലിന് അതീവ ദുഷ്കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകള്ളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്.

ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർക്കായി സൈന്യം ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവുമെത്തിച്ചു. മണ്ണിലമർന്ന മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. പ്രദേശത്ത് നിന്ന് കൂടുതൽ മൃതദേ​ഹങ്ങൾ‌ കണ്ടെടുക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം 400-ൽ അധികം വീടുകളാണ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 30-40 വീടുകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. ദുരന്തത്തിന്റെ വ്യാപ്തി ഇത് വ്യക്തമാക്കുന്നതാണ്. മുണ്ടക്കൈയിൽ എട്ട് എസ്റ്റേറ്റുകളുണ്ട്. ഇതിൽ പുഞ്ചിരിമട്ടത്തെയും വെള്ളരിമലയിലെയും കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയി. ചൂരൽമല വാര്‍ഡില്‍ 599 കെട്ടിടങ്ങളാണ് ഉള്ളത്. ദുരന്തത്തിന്റെ കാഠിന്യം കണത്തിലെടുത്താല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പാലത്തിന്റെ നിർമ്മാണം സൈന്യം ആരംഭിച്ചു. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കാനാണ് ശ്രമം. 85 അടി നീളമുള്ള പാലമാണ് നിർമ്മിക്കാൻ ശ്രമിക്കുന്നത്. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് പാലം നിർമ്മിക്കുന്നതോടെ രക്ഷാപ്രവർത്തനവും വേ​ഗത്തിലാകും. കാലാവസ്ഥ മോശമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യവും പാലം പണിയും നടക്കുന്നത്. രാവിലെ ആരംഭിച്ച കരസേനയുടെ നേതൃത്വത്തിലുള്ള പാലം പണി വൈകിട്ടോടെ പൂർത്തിയാകാനാണ് സാധ്യത.

വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ർ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നത്.

മുണ്ടക്കൈയിൽ 135 മൃതദേഹങ്ങൾ കണ്ടെത്തി; രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും.