ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ; ലെബനനിലേക്ക് യാത്ര വേണ്ടെന്നു ഇന്ത്യ.

ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ; ലെബനനിലേക്ക് യാത്ര വേണ്ടെന്നു ഇന്ത്യ.

ടെൽഅവീവ്: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹനിയയുടെ കൊലപാതകത്തിന് പിന്നാൽ ഇസ്രായേൽ ആണെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. എന്നാൽ ഇസ്രായേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയയ്‌ക്ക് പുറമെ പുറമെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിലേയും റെവല്യൂഷണറി ഗാർഡുകളിലേയും കമാൻഡർമാരെ ഖമേനി ചുമതലപ്പെടുത്തിയതായും വിവരമുണ്ട്. ഇറാനിൽ ഹനിയയുടെ കൊലപാതകം നടന്നത് അംഗീകരിക്കാനാകില്ലെന്നും, ആ രക്തത്തിന് പകരം ചോദിക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് ഖമേനി പറയുന്നത്.

അതിനിടെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവർ ജാഗ്രത പാലിക്കുകയും യാത്രകൾ പരിമിതപ്പെടുത്തുകയും വേണം. ഇന്ത്യൻ എംബസിയുമായി സമ്പർക്കത്തിലായിരിക്കണമെന്നും എംബസി അറിയിച്ചു. അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ലെബനനിലുള്ള ഇന്ത്യക്കാർക്ക് സഹായത്തിനായി cons.beirut@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അല്ലെങ്കിൽ 96176860128 എന്ന ഫോൺ നമ്പറിലോ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.

ഗോലാൻ കുന്നുകളിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് തുടക്കമായത്. ഇതിന് തിരിച്ചടിയെന്നോണം ചൊവ്വാഴ്ച ഇസ്രയേൽ ദക്ഷിണ ലബനനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഈ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഫുആദ് ശുക്റിനെ കൊലപ്പെടുത്തിയതായാണ് ഇസ്രയേൽ സേനയുടെ അവകാശവാദം. കഴിഞ്ഞ വ‍ർഷം ഒക്ടോബ‍ർ ഏഴാം തീയ്യതി ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഫുആദിന്റെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നതായും ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു.

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടു.