വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം, മരണം 297 ആയി.

വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം, മരണസംഖ്യ ഉയരുന്നു .

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. മേഖലയിലുണ്ടായ കെട്ടിടങ്ങൾ പൂർണമായി തകർന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ തിരച്ചിൽ നടക്കുന്നത്. പുഞ്ചിരിമട്ടത്തേക്കുള്ള റോഡുകൾ പൂർണമായി തകർന്ന് ഒരു നീർത്താലാണ് ഇതുവഴി ഒഴുകുന്നത്. പുഴയിലേക്ക് രണ്ട് വശത്ത് നിന്നും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് തെരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

പുഞ്ചിരിമട്ടത്തിന് മുകളിലായുള്ള കോളനിയിലും താമസക്കാരുണ്ടായിരുന്നുവെന്ന് നാട്ടുകാരൻ പറയുന്നു. ഇവിടേക്കുള്ള യാത്ര ദുഷ്കരമായതിനാൽ പരിശോധന നടത്താനുമായിട്ടില്ല. ഇന്നലെ തേയിലത്തോട്ടത്തിൽ അകപ്പെട്ട 17 പേരെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ബെയ്ലി പാലത്തിന് സമീപത്തും മൃതദേഹത്തിനായുള്ള തെരച്ചിൽ നടക്കുകയാണ്. അവിടെ കുഴിച്ചു നോക്കിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്ന് മുണ്ടക്കൈ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിയിരുന്നു. അതിനിടെ, കള്ളാടി പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒരു പുരുഷൻ്റെ മൃതദേഹമാണ് കിട്ടിയത്. ചൂരൽമല പാലം ഉണ്ടാക്കുന്നതിന് മീറ്ററുകൾക്ക് താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 297 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി.

സൈന്യത്തിന്റെ ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേ​ഗം കൈവരിക്കും. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെങ്കിലും 190 അടി നീളമുള്ള ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും. 1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ബെയ്ലി പാലത്തിന് സമാന്തരമായി നടപ്പാല നിർമ്മാണവും നടക്കുന്നുണ്ട്. നേരത്തെ സൈന്യം തയ്യാറാക്കിയ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ മുങ്ങിയിരുന്നു. അതുകൊണ്ടാണ് രക്ഷാപ്രവർത്തകർ അടക്കമുള്ളവർക്ക് നടന്നു പോകാൻ കഴിയുന്ന ചെറിയ പാലം നിർമ്മിച്ചത്. മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ 3 സ്സിഫർ ഡോഗുകളും ദൗത്യ സംഘത്തിനൊപ്പമുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട് ആകെ തുറന്നത്. 8000 അധികം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

കേരളത്തിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതാനിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി പുഴ (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുഴകളോട് ചേർന്നുള്ള കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

വയനാട് ദുരന്തം: മരണം 270 ആയി, തിരച്ചിൽ തുടരുന്നു.