ധാക്ക: ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്തെ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു. ധാക്കയിൽ നിന്നും സഹോദരി ഷെയ്ഖ് രെഹാനയ്‌ക്കൊപ്പം രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ത്രിപുരയിലെ അഗർത്തയിൽ ലാൻഡ് ചെയ്തുവെന്നും, ഇവിടെ നിന്നും ഡൽഹി വിമാനത്താവളത്തിലേക്ക് പോയതായും ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചയ്‌ക്ക് രണ്ടരയോടെ സൈനിക ഹെലികോപ്റ്ററിൽ കയറി ഹസീനയും സഹോദരിയും ബംഗ്ലാദേശ് വിട്ടു. മൂന്ന് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ ഭരണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
സർക്കാർ നടപ്പിലാക്കിയ സംവരണ നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മുന്നൂറോളം പേരുടെ ജീവൻ പൊലിയുന്നതിന് കാരണമായിരുന്നു. ഞായറാഴ്ച മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ബംഗ്ലദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. ഇന്ത്യയുടെ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയെന്നാണ് സൂചന. ബിഎസ്എഫ് മേധാവി കൊൽക്കത്തയിലെത്തി. ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന വൈകാതെ ലണ്ടനിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.