ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. ഇന്നലെത്തെ തെരച്ചലില്‍ ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുന്നത്.
ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്തത്. വൈകുന്നേരം ആരംഭിച്ച സംസ്കാര ചടങ്ങുകൾ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.
ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിൻ്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേർ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു.
വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡൽ ആകും. പ്രൊജക്ടിൽ ആർക്കും സഹകരിക്കാം, പക്ഷെ പൂർണമായും സർക്കാരിന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.