ഗാസ: ഗാസ മുനമ്പിൽ നിന്ന് ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം. ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങളാണ് ഗാസ മുനമ്പിലെ ഖാൻ യുനിസ് മേഖലയിൽ നിന്ന് കണ്ടെത്തിയതെന്നാണ് ഇസ്രയേൽ സൈന്യം തിങ്കളാഴ്ച അറിയിച്ചതു. ഇവരുടെ പേരുകളും ഇസ്രയേൽ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. വെടിനിർത്തൽ ധാരണക്കായി നയതന്ത്ര ചർച്ചകളുടെ അടുത്ത റൗണ്ട് അടുത്ത ആഴ്ച ദോഹയിൽ നടക്കാനിരിക്കെയാണ് ഇസ്രയേൽ സൈന്യം ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹം കണ്ടെത്തിയത്. 109 ബന്ദികൾ കൂടി ഗാസയിൽ ശേഷിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ കണക്ക്. ബന്ദികളെ തിരിച്ചെത്തിക്കാനുള്ള അവസരങ്ങൾ ഇസ്രയേൽ സർക്കാർ അട്ടിമറിച്ചെന്ന് ബന്ദികളുടെ ബന്ധുക്കൾ ആരോപിച്ചു.
വെടിനിർത്തൽ പ്രഖ്യാപിക്കലിലൂടെ മാത്രമാകും ബന്ദികളുടെ മോചനം സാധ്യമാവുകയെന്നാണ് ധാരണാ ചർച്ചകളേക്കുറിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്. വെടിനിർത്തലിന് യുഎസ് മുന്നോട്ടു വച്ച ഒത്തുതീർപ്പു ശുപാർശകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അംഗീകരിച്ചെന്നും ഹമാസും അതിനു തയാറാകണമെന്നും ബ്ലിങ്കൻ പറഞ്ഞു. കയ്റോയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.
അതിനിടെ വെടിനിർത്തൽ പദ്ധതിയുടെ വ്യവസ്ഥകൾ യുഎസ് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോട് അന്ധമായ ചായ്‌വു കാട്ടുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിർത്തലിൽനിന്ന് പലസ്തീൻ സംഘടന പിന്നാക്കം പോകുന്നുവെന്ന ബൈഡന്റെ ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും ഹമാസ് പ്രസ്താവിച്ചു.
തെക്കൻ ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിന് പിന്നാലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 40000-ലേറെ പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.