നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ് ‘പൊന്നോണം 2024’ ഓഗസ്റ്റ് 25-ന്

നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ് 'പൊന്നോണം 2024' ഓഗസ്റ്റ് 25-ന്

മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ (എൻ.എം.സി.സി) ഓണാഘോഷം ‘പൊന്നോണം 2024’ ആഗസ്റ്റ് 25-ന് ഞായറാഴ്ച എപ്പിങ്ങ് മെമ്മോറിയൽ ഹാളിൽ വച്ച് ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് എൻ.എം.സി.സി കുടുംബാഗംങ്ങൾ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശ്രീ സോളമന്റെ നേതൃത്വത്തിലുള്ള ബീറ്റ്‌സ് ഓഫ് മെൽബൺ ടീമിന്റെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണ്ണകുടകളുടെയും കഥകളിയുടെയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിക്കും. തുടർന്ന് എൻ.എം.സി.സി. കുടുംബാഗവും മെൽബണിലെ പ്രകല്പസംസ്‌കൃതി ഡാൻസ് സ്‌കൂളിലെ നൃത്ത അധ്യാപികയുമായ ശ്രീമതി ശ്യാമ ശശിധരന്റെ കൊറിയോഗ്രാഫിയിൽ അണിയിച്ചൊരുക്കിയ ‘എൻ.എം.സി.സി. മെഗാ ഫാമിലി തിരുവാതിര’ അരങ്ങേറും. തുടർന്ന് ഓണപാട്ടുകളും നൃത്തങ്ങളും ബോളിവുഡ് ഡാൻസുകളും ഉൾപ്പെടെ വ്യത്യസ്തമാർന്ന വിസ്മയകാഴ്ചകളുമായി എൻ.എം.സി.സി. കുടുംബത്തിലെ നൂറോളം കലാകാരന്മാർ എപ്പിങ്ങ് മെമ്മോറിയൽ ഹാളിന്റെ വേദി കീഴടക്കും. ജെഎം ഓഡിയോസിലെ സൗണ്ട് എൻജിനിയർ ജിം മാത്യൂവിന്റെ നേതൃത്വത്തിൽ വേദിയിലെ ശബ്ദ വെളിച്ച നിയന്ത്രണം കലാപരിപാടികൾ വർണ്ണാഭമാക്കും.

ഉച്ചക്ക് 12 മണിക്ക് ‘പൊന്നോണം 2024’ ന്റെ മുഖ്യ ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി 25 ഓളം കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത് സിജോയുടെ നേതൃത്വത്തിലുള്ള റെഡ്ചില്ലീസാണ്. ഡിജിയോട്രിക്‌സിലെ ഫോട്ടോഗ്രാഫർ ഡെന്നി തോമസിന്റെയും ടീമിന്റെയും സഹായത്തോടെ മാവേലിയോടും ഓണപൂക്കളത്തോടും ഒപ്പം ഫോട്ടോയെടുത്ത് സോഷ്യൽമീഡിയായിൽ ഇൻസ്റ്റന്റ് പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണസദ്യക്കു ശേഷം വടംവലി മത്സരവും ഉണ്ടായിരിക്കും. പ്രൈംലെൻഡ് (ടിജൊ ജോസഫ്), യൂണിവേഴ്‌സൽ റിയൽ എസ്റ്റേറ്റ് (ഗൗതം ഗാർഗ്), സെഹിയോൻ ടൂർസ് ആന്റ് ട്രാവൽസ് (സിജൊ എബ്രഹം) എന്നിവരാണ് പൊന്നോണം 2024 സ്‌പോൺസർ ചെയ്തിരിക്കുന്നത്. ബാബു വർക്കി, ജോൺസൺ ജോസഫ്, സഞ്ജു ജോൺ, സുനിൽ ഭാസ്‌കരൻ, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റി ഓണാഘോഷങ്ങൾ മനോഹരമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ