ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും, നിങ്ങള്‍ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു ഞാനും നിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും. നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ. അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. -സദൃശ്യവാക്യങ്ങള്‍, അധ്യായം 1
ഓപ്പറേഷന്‍ കഴിഞ്ഞു.
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ ജസ്റ്റ് ഹാം ആശുപത്രിയില്‍ നിന്ന് സീസ്സര്‍ കത്തനാര്‍ക്കൊപ്പം നടന്നു. കത്തനാര്‍ ചുറ്റിനും നോക്കി.
വൃത്തിയുള്ള മനുഷ്യരെപ്പോലെ വൃത്തിയുള്ള ആശുപത്രിക്കെട്ടിടം.
അപ്പോള്‍ ചാര്‍ളി കുടുംബത്തെ കാണാനിടയായി.
മകള്‍ മരിയോണിന്റെ ക്യാന്‍സര്‍ മാറിയെന്ന വാര്‍ത്ത സന്തോഷത്തോടെ ചാര്‍ളി അറിയിച്ചു.
“ഇന്ന് ചെക്കപ്പിന് വന്നതായിരുന്നു. ഡോക്ടര്‍ ചോദിക്കുന്നു, ഈ കുട്ടിയുടെ രോഗം കാണാനില്ലല്ലോന്ന്. അച്ചന്റെ പ്രാര്‍ത്ഥനയാണ്. എന്റെ കുഞ്ഞിന് വിടുതല്‍ നല്കിയത്”, ഗ്ലോറിയ നിറകണ്ണുകളോടെ പറഞ്ഞു. രക്ഷ നല്കിയ കത്തനാരുടെ മുഖത്തേയ്ക്ക് എന്തെന്നില്ലാത്ത ആദരവോടെ നോക്കി.
“താങ്ക്യൂ ഫാദര്‍” മാരിയോണ്‍ പറഞ്ഞു.
കത്തനാര്‍ അവളുടെ തലയില്‍ തലോടി, “എല്ലാം ദേവത്തിന്റെ അനുഗ്രഹമാണ്. അല്ലാതെ നമ്മുടെ മിടുക്കൊന്നുമല്ല”, കത്തനാര്‍ മറുപടി പറഞ്ഞു. ഗ്ലോറിയ വീണ്ടും വീണ്ടും കത്തനാരോട് നന്ദി പറഞ്ഞു. ചാര്‍ളി ചോദിച്ചു, “കത്തനാര്‍ എന്താണ് ഇവിടെ? സുഖമില്ലേ?”
“ഒരു രോഗിയെ കാണാന്‍ വന്നതാ” മറുപടി കൊടുത്തത് സീസ്സര്‍.
“എന്തായാലും കത്തനാരുടെ പ്രാര്‍ത്ഥന ഈശോ കേട്ടു.” ചാര്‍ളി കത്തനാരെ പുകഴ്ത്തി പറഞ്ഞു.
“നമ്മള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. നന്മ വിതച്ചാല്‍ നന്മയേ കൊയ്തെടുക്കാന്‍ കഴിയൂ. അല്ലാതെ തിന്മയല്ല”.
“എന്തൊക്കെ പറഞ്ഞാലും കത്തനാരേ നമ്മുക്ക് ലഭിച്ചത് ഒരു മഹാഭാഗ്യം തന്നെയാണ്.” മനസ്സില്ലാ മനസ്സോടെ ചെറുതായൊരു കള്ളപ്പുഞ്ചിരിയില്‍ സീസ്സര്‍ കത്തനാരെയൊന്ന് പുകഴ്ത്തി.
“ദൈവ ഭക്തിയില്‍ ജീവിക്കുന്ന ആര്‍ക്കും ദൈവം നന്മകളേ ചെയ്യൂ. കുരിശു ചുമക്കാതെ നന്മകള്‍ ലഭിക്കില്ല. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തില്‍ ആശ്രയിക്ക. സ്വന്തം വിവേകത്തില്‍ ആകരുത്. നിന്റെ എല്ലാം വഴികളിലും അവനെ നിനച്ചു കൊള്‍ക. അവന്‍ നിന്റെ പാതകളെ നേരെയാക്കും.”
സീസ്സര്‍ കത്തനാരേ ആശങ്കയോടെ നോക്കി, ഒരു മുടിഞ്ഞ സുവിശേഷം. എനിക്ക് വേറെ പണിയുണ്ടെന്ന് പറയണമെന്ന് തോന്നി. ആശുപത്രിക്കുള്ളില്‍ സുവിശേഷം പറയാന്‍ കണ്ടൊരു നേരം. ഒരു കിഡ്നി പോയിട്ടും ഇങ്ങേര്‍ക്ക് ഒരു ക്ഷീണവുമില്ലേ. ഇങ്ങനെയും മനുഷ്യരുണ്ടോ?
പെട്ടെന്ന് സീസ്സറിന്റെ ശ്രദ്ധ തിരിഞ്ഞു. സുന്ദരിയായ ഒരു മദാമ്മ. കറുത്ത കൂളിംഗ് ഗ്ലാസ്സും ഒന്നുകൂടി നേരെയാക്കി അവളുടെ മദകസൗന്ദര്യത്തില്‍ നിമിഷങ്ങള്‍ ലയിച്ചുപോയി. മറ്റുള്ളവര്‍ പറയുന്നതൊന്നും സീസ്സര്‍ ശ്രദ്ധിക്കുന്നില്ല. കണ്ണുകള്‍ മദാമ്മയില്‍ തന്നെയായിരുന്നു. സീസ്സര്‍ ആരെയോ നോക്കി നില്ക്കുന്നത് കണ്ട് ചാര്‍ളി ചോദിച്ചു.
“ഇയാള് ഞങ്ങള്‍ പറയുന്നത് എന്തെങ്കിലും കേട്ടോ?” സീസ്സറിന്റെ കണ്ണുകള്‍ തുറന്നു. പുഞ്ചിരിച്ച് പറഞ്ഞു.
“പി..പിന്നെ. എന്നാ നമ്മുക്ക് പോകാം.” അവര്‍ പിരിഞ്ഞു. സീസ്സര്‍ കാറോടിച്ചു. നല്ല തണുപ്പനുഭവപ്പെട്ടു. പൂട്ടിക്കിടന്ന മുറി കത്തനാരുടെ കൈയ്യിലുള്ള താക്കോല്‍ വാങ്ങി സീസ്സര്‍ തുറന്നു. കതകിന്റെ ഇടഭാഗത്തൂടെ അകത്ത് വീണു കിടന്ന ഒരു കത്തെടുത്ത് കത്തനാരേ ഏല്‍പ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള കത്ത്. അത് തുറന്നു വായിച്ചു. ദീര്‍ഘനിശ്വാസത്തോടെ സെറ്റിയിലിരുന്നു. കത്തനാരുടെ മുഖത്തെ സന്തോഷം നഷ്ടപ്പെട്ടു. വിഷണ്ണനായി ഇരിക്കുന്നത് കണ്ടപ്പോള്‍ സീസ്സര്‍ ചോദിച്ചു.
“എന്താ സുഖം തോന്നുന്നില്ലേ. ഒന്ന് കിടന്ന് എഴുന്നേറ്റാല്‍ എല്ലാ ക്ഷീണവും മാറും.”
കത്തനാര്‍ കത്ത് സീസ്സറെ ഏല്‍പ്പിച്ചു. സീസ്സര്‍ അത് വായിച്ചു. ഉള്ളിലെ സന്തോഷം മുഖത്ത് പ്രകടിപ്പിച്ചില്ല. കിഡ്നി വരെ എടുപ്പിച്ചല്ലേ വിടുന്നത്.
“എന്താ കത്തനാരേ ഇത്. വന്നിട്ട് അഞ്ച് മാസം പോലും ആയിട്ടില്ല. ഇത്ര വേഗത്തില്‍… ഇല്ല. അത് ഞങ്ങള്‍ അംഗീകരിക്കില്ല. ഞങ്ങള്‍ക്ക് കത്തനാരെ ഇവിടെ തന്നെ വേണം.”
വിഷണ്ണനായിരുന്ന കത്തനാര്‍ രോക്ഷാകുലനായ സീസ്സറിന്റെ മുഖത്തേക്കു നോക്കി.
“വളരെ കുറച്ച് ഇടവകകളിലെ ഞാനിരുന്നിട്ടുള്ളൂ. എങ്ങും നാലുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.”
“അതെന്താ നാല് വര്‍ഷം തികയ്ക്കാത്തത്?”
“ഒന്നുകില്‍ ഇടവകക്കാര്‍ പുറത്താക്കും. അല്ലെങ്കില്‍ പിതാക്കന്മാര്‍ പുറത്താക്കും.”
സീസ്സര്‍ വിസ്മയത്തോടെ നോക്കി.
“ലണ്ടനില്‍ വന്നെങ്കിലും നന്നാകുമെന്ന് കരുതിയായിരിക്കും. ഇങ്ങോട്ടയച്ചത്. എന്ത് ചെയ്യാം എന്നെപ്പോലെ നന്നാകാന്‍ മനസ്സില്ലാത്ത കുറെ പുരോഹിതന്മാരുണ്ടെന്ന് മനസ്സിലായി.”
ചുരുക്കത്തില്‍ കത്തനാരുടെ കൈയ്യിലിരിപ്പ് അത്ര നന്നല്ലെന്ന് ബോധ്യമായി. ഇവിടെ വീഞ്ഞടിച്ച് പോത്തുപോലെ കിടന്നുറങ്ങിയിരുന്നെങ്കില്‍ ഇതുവല്ലോം ഉണ്ടാകുമോ? ഇവിടെ വന്ന് വിശ്രമമില്ലാതെ ഓടിച്ചാടി നടന്ന് പണി എടുത്തതല്ലേ, നാട്ടില്‍ പോയി കുറെ വിശ്രമിക്കട്ടെ. സീസ്സര്‍ കുളിംഗ് ഗ്ലാസ്സ് തലയ്ക്ക് മുകളിലേയ്ക്ക ഉയര്‍ത്തിവെച്ചിട്ട് പറഞ്ഞു.
“ഇവിടുന്ന് ആര്‍ക്കെങ്കിലും കത്തനാരെപ്പറ്റി പരാതി പറയാന്‍ കഴിയുമോ? സുഖമായി ഉണ്ടുറങ്ങുന്ന എത്രയോ അച്ചന്മാരും പിതാക്കന്മാരുമുണ്ട്. ഏതെങ്കിലും ഒരു രോഗിക്ക് പ്രാര്‍ത്ഥിച്ച് സുഖം കൊടുക്കാന്‍ ഇവര്‍ക്കും കഴിഞ്ഞിട്ടുണ്ടോ?”
കത്തനാരുടെ മുഖത്ത് നോക്കി സന്തോഷവാനായി പറയുമ്പോള്‍ ഉള്ളില്‍ പറഞ്ഞു. ഈ വിപത്ത് ഇവിടെ നിന്നൊന്ന് പോയി കിട്ടിയാല്‍ മതി. കുറെ പുരോഹിതര്‍ രോഗസൗഖ്യം കൊടുക്കാനുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സയന്‍സും ഡോക്ടര്‍മാരും.
കത്തനാര്‍ സംതൃപ്തനായി പറഞ്ഞു, “എല്ലാം ദൈവനിശ്ചയം പോലെ നടക്കൂ. ഈശോ തന്നെ പറഞ്ഞില്ലേ. ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല. ഉപേക്ഷിക്കയുമില്ല. മനുഷ്യര്‍ക്ക് എന്നോട് എന്ത് ചെയ്യാന്‍ കഴിയും.”
സീസ്സര്‍ക്ക് എത്രയും വേഗം പോകണമെന്ന് തോന്നി. ഇനിയും ഇവിടെയിരുന്നാല്‍ കല്ലറയില്‍ അടക്കപ്പെടുവന്‍ മുന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നുവരെയെത്തും. വളരെ താഴ്മയോടെ ചോദിച്ചു, “കത്തനാര്‍ക്ക് വീട്ടില്‍നിന്ന് എന്തെങ്കിലും കഴിക്കാന്‍ കൊണ്ടു വരട്ടെ?”
മൗനമായിരുന്ന കത്തനാരുടെ മുഖം ഉയര്‍ന്നു.
“അതൊന്നും വേണ്ട. കഞ്ഞിവച്ചു കുടിക്കാം. എന്നാല്‍, സീസ്സര്‍ ചെന്നാട്ടെ, ഞാനൊന്ന് കിടക്കട്ടെ. പോകുമ്പോള്‍ ആ കതകൊന്ന് അടച്ചേയ്ക്ക്”
അത്രയും കേട്ടപ്പോഴെത്തെയ്ക്കും സീസ്സര്‍ ചാടിയെഴുന്നേറ്റു, “കത്തനാര്‍ക്ക് എന്താവശ്യം വന്നാലും എന്നെ വിളിക്കാന്‍ മടിക്കരുത്. ഇനിയും ഞാനും കത്തനാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. എന്നാല്‍ ഇറങ്ങട്ടെ.”
കത്തനാര്‍ സമ്മതം മൂളി. സീസ്സര്‍ കതകടച്ച് പുറത്തേയ്ക്കിറങ്ങി.
ആ മുറിക്കുള്ളില്‍ നീണ്ട നിശ്ശബ്ദത പറന്നു. കത്തനാര്‍ കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് പെട്ടെന്നുറങ്ങി. കത്തനാര്‍ ഞെട്ടി പിടഞ്ഞേഴുറ്റ് കണ്ണുകള്‍ തുറന്നു. മുന്നില്‍ മൂടല്‍മഞ്ഞുപോലെ കാണപ്പെട്ടു. വിഷാദത്തോടെ ചുറ്റിനും നോക്കി. ഞാന്‍ ജെറുശലേമിലായിരുന്നല്ലോ. ഇവിടെ എങ്ങനെവന്നു? ഞാന്‍ എവിടെയാണ് മനസ്സില്‍ ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. എഴുന്നേറ്റ് കൈയും മുഖവും കഴുകി കുപ്പായമെടുത്തിട്ട് പള്ളിക്കുള്ളിലേയ്ക്കു പോയി മുറി തുറന്ന് വിശുദ്ധരൂപത്തിന് മുന്നില്‍ മുട്ടുമടക്കി കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു.
മഞ്ഞുകാലം വരവായി. മരങ്ങളിലെ ഇലകളുടെ നിറം മാറി.
കാര്‍ മോഷണം പോയതിന് ശേഷം ലണ്ടന്‍ ബസുകളിലാണ് കത്തനാര്‍ യാത്രകള്‍ തുടര്‍ന്നത്. പല ദിവസങ്ങളിലും ജോബിനെയും കൂട്ടും. അപ്പോഴൊക്കെ ലിന്‍ഡയുടെ കാറിലാണ് പോകാറ്.
മകളുടെ പരീക്ഷ കഴിഞ്ഞു. റിസല്‍റ്റ് വന്നാലുടന്‍ ഏതെങ്കിലും നല്ലൊരു സ്ഥാപനത്തില്‍ ബിസ്സിനസ്സ് എക്സിക്യൂട്ടീവ് ആക്കാനാണ് സീസ്സര്‍ ആഗ്രഹിക്കുന്നത്. ഒപ്പം നല്ലൊരു ബിസ്സിനസ്സ് കുടുംബത്തിലെ യോഗ്യനായ ചെറുപ്പക്കാരനെക്കൊണ്ട് വിവാഹവും കഴിപ്പിക്കണം. തന്റെ കാലം കഴിഞ്ഞാല്‍ ഹോട്ടലുകള്‍ മകളെ ഏല്‍പ്പിക്കയും ചെയ്യാം.
കത്തനാരുടെ അവസാനത്തെ വിശുദ്ധമായി നടത്തുന്ന ഞായറാഴ്ച പള്ളിയില്‍ ജനങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ഇതിനകം തന്നെ രോഗികള്‍ സൗഖ്യമായതും മച്ചികള്‍ ഗര്‍ഭവതികളായതും വിശ്വാസികളില്‍ ആശ്ചര്യമുളവാക്കി. എത്രയോ, പുരോഹിതര്‍ വന്നുപോയി. കത്തനാര്‍ തികച്ചും ക്രിസ്തുവിന്റെ ദാസന്‍ എന്നവര്‍ മനസ്സിലാക്കി. അദ്ദേഹത്തോടുള്ള ആരാധന വര്‍ദ്ധിച്ചു. ഒപ്പം മടങ്ങിപ്പോകുന്നതില്‍ പലരും ദുഃഖം പ്രകടിപ്പിക്കയും ചെയ്തു. അതില്‍ ഏറ്റവും കൂടുതല്‍ ദുഃഖം ഗ്ലോറിയായിലും മകള്‍ മാരിയോനുമായിരുന്നു. വിശ്വാസബലിയില്‍ ആളുകളുടെ എണ്ണം കൂടിയെങ്കിലും സീസ്സര്‍ അത് ബഹിഷ്ക്കരിക്കതന്നെ ചെയ്തു. ഇന്ന് കത്തനാര്‍ പ്രസംഗത്തിന് തെരഞ്ഞെടുത്തത് ലൂക്കോസിന്റെ സുവിശേഷം മൂന്നാം അദ്ധ്യായം ഇരുപതാം വാക്യമാണ്. പ്രിയമുള്ളവരെ ഞാന്‍ ആദ്യം ഈ വിശുദ്ധവേദിയില്‍നിന്ന് പ്രസംഗിച്ചത് ബാലനായിരുന്ന യോഹന്നാനെപ്പറ്റിയായിരുന്നു. അവന്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞിരുന്നു. എത്ര അമ്മമാര്‍ക്ക് പറയുവാന്‍ കഴിയും. എന്റെ കുഞ്ഞ് ആത്മാവിലാങ്ങോ ജനിച്ചത് അതോ ജന്മത്തിലോ? ആത്മാവില്‍ കുഞ്ഞുങ്ങള്‍ ജനിക്കണമെങ്കില്‍ അവര്‍ സ്നേഹത്തില്‍ വിശുദ്ധികരിക്കപ്പെടണം. ആത്മാവില്‍ എങ്ങനെ ജനിക്കും എന്നതുപോലെ സ്നേഹം എങ്ങനെ വിശുദ്ധികരിക്കും. വിശുദ്ധിയുള്ള സ്നേഹം തീയില്‍ ഊതി കാച്ചിയ പൊന്നുപോലെയാണ്. അത് ഈ ലോകത്തിന്റെ ജഡിക സ്നേഹമല്ല. ആ സ്വര്‍ണ്ണം നമ്മുടെ ശരീരത്ത് എങ്ങനെ തിളങ്ങുന്നുവോ അതുപോലെ വിശുദ്ധീകരിച്ച സ്നേഹവും തിളങ്ങും. അതിന് മനസ്സിലെ മാലിന്യങ്ങള്‍ നാം ഒഴുക്കണം. നമ്മുടെ ജീവിതത്തില്‍ മറ്റുള്ള മനുഷ്യരെ സ്നേഹിക്കണം. ആ സ്നേഹം കളങ്കമറ്റതാകണം. സ്നേഹമുള്ള മനുഷ്യരില്‍ ജഡമോഹം, പരദൂഷണം, അസൂയ, കുശുമ്പ് തുടങ്ങിയവ കാണില്ല. അവര്‍ ആ മാലിന്യങ്ങളെ മനസ്സില്‍ നിന്ന് എടുത്തെറിഞ്ഞ് പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും മറ്റുള്ളവരെ സ്നേഹിക്കുന്നു. ഇങ്ങനെ വിശുദ്ധിയുള്ളവരായി നമുക്ക് ജീവിക്കാന്‍ കഴിയുമോ? അതോ മാലിന്യമണിഞ്ഞ മണ്ണിന്റെ മക്കളായി നാം ജീവിച്ച് മരിക്കുമോ!
സീസ്സറിന്റെയും കൈസറിന്റെയും ഉള്ളം പൊള്ളിയെങ്കിലും കത്തനാരുടെ വാക്കുകള്‍ വര്‍ദ്ധിച്ച ആവേശത്തോടെ ജനങ്ങള്‍ കേട്ടിരുന്നു. ആ കൂട്ടത്തില്‍ രാമന്‍പിള്ളയും കുടുംബവും മറ്റ് മതവിശ്വാസികളുമുണ്ടായിരുന്നു. ചില സ്ത്രീകള്‍ കണ്ണുതുടയ്ക്കുന്നതും കാണുവാന്‍ ഇടയായി. അവര്‍ക്ക് നല്ലൊരു ഇടയനെ നഷ്ടപ്പെടുന്നതിലുള്ള ദുഃഖമായിരുന്നു.
ഞാന്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുമ്പോള്‍ വളര്‍ന്ന് വലുതായ യോഹന്നാന്‍ എന്ന സ്കാപക യോഹന്നാനെപ്പറ്റിയാണ് പറയുവാന്‍ ആഗ്രഹിക്കുന്നത്. അവന്റെ യൗവനകാലം മാതാപിതാക്കളെ അനുസരിച്ചും സത്യത്തിലും ദൈവത്തെ ഭയന്നും അവന്‍ ജീവിച്ചു. നിങ്ങള്‍ അറിയാത്ത മറ്റൊന്നുകൂടി ഞാന്‍ പറയട്ടെ അദ്ദേഹം ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നു. ദൈവരാജ്യത്തേപ്പറ്റിയും സമൂഹത്തില്‍ കാണുന്ന അനീതികളെപ്പറ്റിയും അദ്ദേഹം എഴുതി. റോമന്‍ ഗ്രീക്ക് സാന്നിദ്ധ്യത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആടുകളെ മേയിക്കുക അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു. അങ്ങനെ തടാകതീരത്ത് നാടുവഴിയായ ഹേരോദ രാജാവ് കാമുകിയായ ഹേരോദ്യയുമായി പ്രണയസല്ലാപങ്ങള്‍ പങ്കുവെക്കുന്നു. ആ സംഭവം തന്റെ തൂലികയിലൂടെ അക്ഷരങ്ങളായി അഗ്നിയായി ആളിക്കത്തി. രാജാവ് അമ്പരന്നു. നാടിന്റെ നാഥന്‍ രാജനീതി നടപ്പാക്കുന്നവനാകണം. മറ്റൊരുത്തന്റെ ഭാര്യയെ സ്വന്തമാക്കുന്നവനാകരുതെന്ന് തുറന്നെഴുതി. അതിനാല്‍ രാജപാപം ജനങ്ങളിലേയ്ക്ക് പകര്‍ന്ന് രാജ്യത്തേ വേശ്യാലയമാക്കരുത് വിശുദ്ധനായ യോഹന്നാന്‍ സത്യത്തിന് വേണ്ടി ജീവിച്ചു. ഒടുവില്‍ ലഭിച്ചതോ പീഡനങ്ങള്‍, കാരാഗ്രഹം, തടവില്‍ കിടന്നുകൊണ്ടും മനുഷ്യന്റെ നന്മയ്ക്കായി, പാപങ്ങളില്‍ നിന്ന് വിടുതല്‍ പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. രാജാവിന്റെ ജന്മദിനത്തില്‍ ഹേരോദ്യയും ഹേരോദാവും നിശ്ചയിച്ചിറുപ്പിച്ചതുപോലെ അവളുടെ മകള്‍ നൃത്തം ചെയ്തു. രാജസദസ്സില്‍ മകള്‍ എന്താവശ്യപ്പെട്ടാലും നല്കുമെന്നറിയിച്ചു. അവര്‍ക്കും വേണ്ടിയിരുന്നത് സ്നാപക യോഹന്നാന്റെ തലയായിരുന്നു. ആ വിശുദ്ധന്റെ തല ഇതാ നമ്മുടെ മുന്നില്‍ ഇരിക്കുന്നു. ഇതുപോലെയുള്ളവരുടെ തല അറുത്തെടുത്താല്‍ ധാരാളം ഇടവകള്‍ക്കും ഹേരോദ്യ രാജക്കന്മാരുമുണ്ട്. ഈ പള്ളിയില്‍ ആരെങ്കിലുമുണ്ടോ?
ജനങ്ങള്‍ സംശയത്തോടെ നോക്കി.
തുടരും ….
കാരൂര്‍ സോമന്‍