ബലൂചിസ്ഥാൻ: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളിലായി 130 ലേറെ പേർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്ഥാനിൽ വിഘടനവാദികൾ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 21 ഭീകരരും 14 സൈനികരും 23 വാഹനയാത്രക്കാരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇതുവരെ 130 ലേറെ പേർ ‘ഓപ്പറേഷൻ ഹീറോഫ്’ എന്ന് പേരിട്ട സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിരവധി പേരെ കൊന്നൊടുക്കിയതിന് പിന്നാലെ ആഘോഷം നടത്തുന്ന ബലൂച് ലിബറേഷൻ ആർമിയുടെ വീഡിയോ പുറത്തുവന്നു. 20 മണിക്കൂറോളം നീണ്ട പോരാട്ടം വൻ വിജയമാക്കിയെന്നാണ് ബലൂച് ലിബറേഷൻ ആർമി പുറത്ത് വിട്ട ആഘോഷ വീഡിയോയിൽ അവകാശപ്പെടുന്നത്.
ബലൂചിസ്ഥാനിലെ പ്രധാന ഹൈവേകളിലെ സൈനിക ക്യാമ്പും സൈനിക ചെക്ക്‌പോസ്റ്റുകളും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിലാണ് 102 പേർ കാെല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുസാഖെൽ ജില്ലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ, 35 വാഹനങ്ങൾ അഗ്നിക്കിരയാക്കി. പഞ്ചാബ് പ്രവിശ്യയിൽ നിന്നു വന്ന വാഹനങ്ങൾ ദേശീയപാതയിൽ തടഞ്ഞ് ബിഎൽഎ ആർമി യാത്രക്കാരുടെ രേഖകൾ പരിശോധിച്ച ശേഷം പഞ്ചാബികളെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളും ആക്രമണം നടന്നു. കലാറ്റിൽ, ഒരു പാെലീസ് പോസ്റ്റിലും ഹൈവേയിലും നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഞ്ച് വീതം പൊലീസുകാരും പ്രാദേശികരുമാണ് മരിച്ചതെന്നാണ് വിവരം. അതേസമയം തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തിൽ പാക്കിസ്ഥാൻ സേന, 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. 14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറൻസ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്. വർഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനിൽ, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.