ഇസ്രയേല്‍ – ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം.

ജെറുസലേം: ഇസ്രയേല്‍ – ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുകയാണ്.  ഒക്ടോബര്‍ 7, 2023 രാവിലെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നത്. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും സ്ഫോടനങ്ങളിലും 1200-ഓളം പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി. ആക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും മോചിതമാകുംമുമ്പേ, ഓപ്പറേഷന്‍ അയണ്‍ സോഡ്സ് എന്ന പേരില്‍ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചു. ഗസ്സയില്‍ മരണസംഖ്യ 42,000 കവിഞ്ഞു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്ന് ആരംഭിച്ച യുദ്ധത്തിന് ഒരു വര്‍ഷമാകുമ്പോള്‍ ഹമാസിനു പുറമേ, ലെബനനിലെ ഹിസ്ബുള്ളയുമായും യെമനിലെ ഹൂതികളുമായും ഇസ്രയേലിന്റെ യുദ്ധം വ്യാപിച്ചിരിക്കുന്നു. ഇറാന്റെ പ്രോക്സികളായ ഹിസ്ബുല്ലയുടേയും ഹമാസിന്റെയും പ്രധാന നേതാക്കളെ ഇസ്രയേല്‍ ഇല്ലാതാക്കിയതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഇറാന്‍ മിസ്സൈലാക്രമണം നടത്തിയതും ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിക്കും ഇടയാക്കിയിരിക്കുന്നു.

ഇന്നലെ  ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നും സംഭവത്തിൽ 26 പേര്‍ കൊല്ലപ്പെട്ടെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം ഇന്നലെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മേഖലയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ വിവരിച്ചു.

ഇസ്രയേലിലെ ബീർഷെബ നഗരത്തിലെ ബസ് സ്റ്റേഷനിൽ ഇന്നലെ ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ ആക്രമണം നടത്തിയ ചാവേറാണ് സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടത്. നാല് പേർ അത്യാസന്ന നിലയിലാണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ലെബനനിൽ യുദ്ധം ആരംഭിച്ചതിനുശേഷം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. 9,535 ലധികം പേർക്ക് പരിക്കേറ്റു. ലെബനനിൽ ഗുരുതരമായ പലായന പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അഭയം തേടി തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു പോവുകയാണ്.