ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയ പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. പരീക്ഷയുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. ന്യൂഡൽഹിയിൽ സിബിഎസ്ഇ ഉദ്യോഗസ്ഥരുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ ആശങ്കകളും പരാതികളും പൂർണ്ണമായും പരിഹരിക്കുമെന്നും ഒരൊറ്റ പ്രശ്നം പോലും പരിഹരിക്കപ്പെടാതെ പോകില്ലെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. മൂല്യനിർണ്ണയ പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ എല്ലാ തലങ്ങളിലും ഉത്തരവാദിത്തം നിശ്ചയിച്ച് നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

