കുവൈറ്റിലെ യുഎസ് താവളത്തിന് നേരെ ഇറാന്റെ വ്യോമാക്രമണം; ബന്ദർ അബ്ബാസ് ആക്രമണത്തിന് പ്രതികാരമെന്ന് ഐആർജിസി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അമേരിക്കൻ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ദക്ഷിണ ഇറാന്റെ തീരദേശ നഗരമായ ബന്ദർ അബ്ബാസിലെ ഇറാന്റെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ്, കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചത്. പ്രാദേശിക സമയം പുലർച്ചെ 04:50-നാണ് ഇറാൻ ഈ ആക്രമണം നടത്തിയത്.

തങ്ങളുടെ പരമാധികാരത്തിന് നേരെ അമേരിക്ക നടത്തിയ കടന്നുകയറ്റത്തിനുള്ള കൃത്യമായ മറുപടിയാണിതെന്ന് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശത്രുതാപരമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം അറിയിച്ചു. ആക്രമണത്തെ തുടർന്ന് കുവൈറ്റിലുടനീളം അപായ മുന്നറിയിപ്പ് മുഴങ്ങിയിരുന്നു. ഇറാന്റെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *