ഇറാനു മറുപടിയുമായി ഇസ്രായേൽ ; സൈനിക കേന്ദ്രങ്ങളുൾപ്പടെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രണം

ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേൽ ആക്രമണം നടത്തിയെന്ന വിവരം യുഎസും സ്ഥിരീകരിച്ചു. ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇറാനിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാൽ, ആളപായം സംഭവിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഒക്ടോബർ 1-ന് ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180-ലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേയ്ക്ക് തൊടുത്തത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.