‘സ്വര്‍ഗം’ ഓസ്‌ട്രേലിയന്‍ തീയറ്ററുകളില്‍ നവംബര്‍ എട്ട് മുതല്‍

'സ്വര്‍ഗം' ഓസ്‌ട്രേലിയന്‍ തീയറ്ററുകളില്‍ നവംബര്‍ എട്ട് മുതല്‍

ബ്രിസ്‌ബെയ്ന്‍: പ്രവാസികളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട സി.എന്‍ ഗ്ലോബല്‍ മൂവീസ് ടീമിന്റെ ആദ്യചിത്രമായ ‘സ്വര്‍ഗം’ നവംബര്‍ എട്ടിന് ഓസ്‌ട്രേലിയന്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യും. കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക മുഹൂര്‍ത്തങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ചിത്രത്തെ ഓസ്‌ട്രേലിയയിലെ മലയാളികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ പ്രാരംഭമായി മൂന്ന് സ്ഥലങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്വീന്‍സ് ലന്‍ഡിലെ ബ്രിസ്‌ബെയ്‌നിലുള്ള മൗണ്ട് ഗ്രാവറ്റ് ഇവന്റ് സിനിമാസില്‍ ‘സ്വര്‍ഗം’ പ്രദര്‍ശിപ്പിക്കും. നവംബര്‍ 8 വെള്ളിയാഴ്ച്ച രാത്രി ഒന്‍പത്, ശനിയാഴ്ച്ച വൈകുന്നേരം അഞ്ച്, ഞായര്‍ വൈകുന്നേരം അഞ്ച്, ചൊവ്വാഴ്ച്ച രാത്രി ഒന്‍പത് എന്നിങ്ങനെയാണ് പ്രദര്‍ശന സമയം.

വിക്‌ടോറിയയില്‍ സണ്‍ഷൈന്‍ വില്ലേജ് സിനിമാസ്, ന്യൂ സൗത്ത് വെയില്‍സില്‍ വുലങ്ങോങ് ഗാല സിനിമാസ് എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പെര്‍ത്ത് അടക്കമുള്ള മറ്റു നഗരങ്ങളിലെ കൂടുതല്‍ തിയേറ്ററുകളിലേക്കും അടുത്ത ആഴ്ച്ചയോടെ ചിത്രം റിലീസാകും.

അജു വര്‍ഗീസിനും ജോണി ആന്റണിക്കുമൊപ്പം അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണന്‍, രഞ്ജി കാങ്കോല്‍, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്.

നല്ല കലാസൃഷ്ടികളും മികച്ച സിനിമകളും നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട സിഎന്‍ ഗ്ലോബല്‍ മൂവീസ് ടീമിന്റെ ആദ്യ ചിത്രമാണ് ‘സ്വര്‍ഗം’.

മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതപശ്ചാത്തലമാണ് ഇതിവൃത്തം. രസകരവും ഹൃദയസ്പര്‍ശിയുമായ ഒട്ടേറെ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

റെജിസ് ആന്റണിയാണ് സംവിധായകന്‍. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സന്തോഷ് വര്‍മ, ഹരിനാരായണന്‍, ബേബി ജോണ്‍ കലയന്താനി എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ ഫെര്‍ണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.