കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞുള്ള പോർക്കളത്തിൽ മന്ത്രി കെ.രാജൻ വിധിനിർണ്ണയം നടത്തിയത് ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും കർശന നടപടികളുണ്ടാകുമെന്നാണ്. നമ്മളൊക്കെ ഇന്നുവരെ ധരിച്ചത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ബിരുദമായ ഐ.എ.എസ്, ഐ.പി.എസ് പദവികളിലിരിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് മാനവരാശിയെ ഉന്നതിയിലേക്ക് ഉയർത്തുക, ജീവിത മൂല്യങ്ങൾക്ക് പരമ പ്രാധാന്യം നൽകുക, മനുഷ്യരെ തുല്യരായി കാണുക, പുതിയ കാഴ്ചപ്പാടുകൾ നൽകുക തുടങ്ങിയവയാണ്. കഷ്ടപ്പെട്ട് പഠിക്കുന്ന മിടുക്കരായ എല്ലാം വിദ്യാർത്ഥികൾക്കും ഒരു ലക്ഷ്യബോധമുണ്ട്. അത് ജീവിത പുരോഗമനമാണ്. ഇന്ന് വിദ്യാർത്ഥികൾ നാടുവിടുന്നതും അതിന് തന്നെയാണ്. അവർ നാട് വിടുകയാണോ അവരെ നാട് കടത്തുകയാണോ ചിന്തിക്കേണ്ടത് ഭരണ കൂടങ്ങളാണ്. ആധുനിക ശാസ്ത്രം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ആർജ്ജിതമായ അറിവ് നേടിയവർ ബോധപൂർവ്വം പിന്തിരിപ്പൻ ആശയങ്ങളുമായി പൊതുതാല്പര്യത്തെ ബലികഴിക്കുന്ന വർഗ്ഗ സ്വാർത്ഥ താൽപര്യങ്ങൾക്കായി മാറുക ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ മാത്രമല്ല ഭരണത്തിലുള്ളവരായാലും അത് സാമൂഹ്യ സാംസ്‌കാരിക തകർച്ചയാണ്. ഐ.എ.എസ് ഉന്നത പദവി വഹിക്കുന്നവരിൽ നിന്ന് മതപരമായ സമീപനം, ഭിന്നിപ്പ് കേരളത്തിൽ കണ്ടത് ഇടി വെട്ട് മഴപോലെയാണ്. മനുഷ്യരെ സംസ്‌കാര സമ്പന്നരായി വളർത്തികൊണ്ടുവരേണ്ടവർ കച്ചവടം തഴച്ചുവളരുന്നതു പോലെ മതത്തെയും അതിവേഗം വളർത്തുന്നു. സർക്കാർ ജീവനക്കാർ നിയമങ്ങളെ അട്ടിമറിച്ചു ചുട്ടുപഴുത്തുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെ, ഭരണഘടനയെ ചുട്ടുചാമ്പലാക്കാനുള്ള ശ്രമങ്ങളാണോ നടക്കുന്നത്?
മതത്തിന്റ പേരിൽ കേരളത്തിൽ ആദ്യമായി സർവ്വീസ് ചട്ടം ലംഘിച്ചുകൊണ്ട് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ വാട്‌സ്ആപ്പ് മതഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചെന്നും സൈബർ പോലീസ് നടത്തിയ പരിശോധനയിൽ തെളിവ് ശേഖരണം നടക്കുന്നു, തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും പറയുന്നു. ഇതിന്റെ പേരിൽ തൽക്കാലത്തേക്ക് ജോലിയിൽ നിന്ന് മാറ്റിയെങ്കിലും ഇത് ഐ.എ.എസ് പദവിക്ക് തന്നെ കളങ്കം ചാർത്തിയ സംഭവമാണ്. അധികാരത്തിലിരിന്നു കൊണ്ട് മതപരമായ ഭിന്നിപ്പ്, വർഗ്ഗീയമായി സംഘം ചേരുക തുടങ്ങിയത് ഭരണഘടനാ ലംഘനമാണ്. ഉന്നത പദവികളിലിരിക്കുന്നവർ തന്നെ നിയമങ്ങൾ അട്ടിമറിക്കുമ്പോൾ സാധാരണ മനുഷ്യർ നമ്മുടെ ഭരണഘടനയെ കളിവിളയാട്ടമായി കാണില്ലേ? സമാന മനസ്‌കരായവർ ഗ്രൂപ്പുകളുണ്ടാക്കുന്നതിൽ ആരും എതിരല്ല. ആശയ സംവാദനത്തിനും, സാംസ്‌കാരിക വളർച്ചക്കും ഗ്രൂപ്പുകൾ നല്ലതാണ്. എന്നാൽ ഉന്നത പദവികൾ വഹിക്കുന്നവർ ഭൂരിപക്ഷ-ന്യൂനപക്ഷ വർ ഗ്ഗീയവാദികളായി ഇങ്ങനെ ചെറുതും വലുതുമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാൽ കേരളം ദൈവത്തിന്റെ നാടിനേക്കാൾ പിശാചിന്റെ നാടായി മാറില്ലേ? പാവങ്ങളുടെ നികുതി പണം ലക്ഷങ്ങൾ കീശയിലാക്കുമ്പോൾ അവരെ സങ്കുചിത വിനാശകരമായ ചിന്തകളിലേക്ക് വഴി നടത്തുന്നത് വർഗ്ഗീയ താല്പര്യങ്ങൾ തന്നെയാണ്. കാലഹരണപ്പെട്ട വർഗ്ഗീയവും ജാതീയവുമായ ചിന്തകൾ ഹിംസാത്മകം തന്നെ. മനുഷ്യരുടെ വിശാലമായ ഒരു ലോകത്തേക്ക് ഇവർ എന്നാണ് കടന്നുവരിക?
നിയമസംവിധാനങ്ങളെ അട്ടിമറിക്കുന്നവരെ തൽക്കാലത്തേക്ക് മാറ്റിനിർത്തി സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചാൽ സർക്കാരിന്റെ മുഖമാണ് വികൃതമാകുന്നത്. ഇങ്ങനെ സമൂഹത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടികളാണ് വേണ്ടത്. സ്വന്തം ഫോണിൽ വിളയിച്ചെടുത്ത മതബോധന ചരക്ക് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. സമൂഹത്തിൽ മതപരമായ വേർതിരിവ് സൃഷ്ടിക്കുന്നത് ഭരണനിർവ്വഹണ രംഗത്തെ പരാജയമെന്ന് നിസ്സംശയം പറയാൻ സാധിക്കും. ജാതിപരമായ ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കേണ്ടവർ അതിന് നേതൃത്വം നല്കുന്നത്. ജാതി പിശാചിനെ തളച്ചിട്ട മണ്ണിൽ ഇതുപോലെ ജാത്യാ ഗുണം തൂത്താൽ മാറാത്ത ജാതി വിഷജന്തുക്കൾ കേരളത്തിലെ മിക്ക വകുപ്പുകളിലുമുണ്ട്. ഈ സമ്പന്ന സവർണ്ണർ ചിന്തിക്കുന്നത് പിന്നോക്ക വിഭാഗത്തിലുള്ള വരും തങ്ങൾക്ക് കീഴിൽ ജോലിചെയ്യുന്ന വരും ഇവരുടെ അടിമപ്പണി ഇന്നും ചെയ്യണമെന്നാണോ?
സസ്‌പെൻഷൻ വാങ്ങിയ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥൻ പറയുന്നത് ‘ഭരണഘടന അനുവദിക്കുന്ന അഭി പ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ട്. എല്ലാവരെയും സുഖിപ്പിച്ചുകൊണ്ട് സംസാരിക്കണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല’. നമ്മൾ ജീവിക്കുന്നത് ബൂർഷ്വാ പ്രത്യാ ശാസ്ത്രത്തിലല്ല. അഭിപ്രായം രേഖപ്പെടുത്തുക ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്. മനുഷ്യത്വഹീനങ്ങളായ പ്രവർത്തികൾ കാണുമ്പോൾ ചങ്കൂറ്റത്തോടെ ആത്മധൈര്യത്തോടെ തുറന്നുപറയുന്ന ചുരുക്കം ഐ.എ.എസ് കാരും ഈ കൂട്ടത്തിലുണ്ട്. ഭരണത്തിലുള്ളവർ കാട്ടുന്ന അനീതികൾക്കൊപ്പം കൈകോർ ത്തുപോകാൻ അവരുടെ ആത്മാഭിമാനം ധാർമ്മികബോധം അനുവദിക്കുന്നില്ല. തൻമൂലം മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയവരെയും നമുക്കറിയാം. ഈ ചോദ്യം. കേരളത്തിലെ സാംസ്‌കാരിക നായകന്മാരോടും ചോദിക്കേണ്ടതാണ്. ഇവര്‍ ഒട്ടകപക്ഷികളെ പോലെ തല മണ്ണിൽതാഴ്ത്തിയിരുന്നാൽ ആരും അറിയില്ലെന്നാണ് ധരിച്ചിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിൽ കണ്ടുവരുന്നത് ഒരുപറ്റം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ അധികാരികളോട് വിധേയത്വമുള്ളവരായി മാറി അല്ലെങ്കിൽ പാദസേവകരായി മാറി ഉദ്യോഗത്തിൽ നിന്ന് വിരമിച്ചാലും വീണ്ടും മുന്തിയ പദവികൾ ലഭിക്കുന്നു. പല ഉന്നതബിരുദധാരികളും അവർ ചെയ്യുന്ന തൊഴിലിനോട് മഹാമനസ്സുള്ളവരെങ്കിലും പലപ്പോഴും ജനസമൂഹത്തിന്റെ പ്രശംസയേക്കാൾ മുറുമുറുപ്പോടെ ദാസ്യവേല ചെയ്ത് ഉന്നത പദവികളിലെത്താറുണ്ട്. മുൻ ചീഫ് സെക്രട്ടറി ജിജീ തോംമസൺനെ പോലുള്ള എത്രയോ ഐ.എ.എസുകാർ മനുഷ്യ മനസ്സുകളിൽ സുഗന്ധമഴയുടെ കുളിരുകോരിയിട്ടവരാണ്. അവിടെയാണ് നിന്ദ്യവും നീചവുമായ മതസ്പർദ്ധ കടന്നുവന്നിരിക്കുന്നത്. മണ്ണിൽ ജനിച്ചുവീഴുന്ന മനുഷ്യരെ ഓരോ മതങ്ങൾ വീതിച്ചെടുക്കുന്നതുപോലെ ഓരോരോ രാഷ്ട്രീയ പാർട്ടികൾ ഊർജ്ജസ്വലരായ ഉദ്യോഗസ്ഥരെ അവരുടെ വർഗ്ഗ താല്പര്യങ്ങൾ സംരക്ഷിക്കാനായി ലാഘവബുദ്ധിയോട് ഉപയോഗിക്കുന്നു. തൻ മൂലം പലരും അഗാധമായ കദനഭാരം പേറി മാനസിക സംഘർഷം അനുഭവിക്കുന്നു. ഇതിനിടയിൽ മത ചിന്ത ഇവരിൽ എങ്ങനെ കടന്നുകൂടി? ഇവരുടെ പഠനകാലം ശാസ്ത്രഗവേഷണ രംഗ ങ്ങളിൽ ഒന്നും പഠിക്കുന്നില്ലേ? ശാസ്ത്ര സത്യങ്ങൾ പഠിക്കാതെ ജാതി മത ബിരുദാനന്തര ബിരുദ മെന്തിനാണ്? വിശ്വാസം, അവിശ്വാസം ഒരാളുടെ അവകാശമാണ്. വിശ്വാസികൾ ഈശ്വരവിശ്വാസത്തിൽ ജീവിക്കുമ്പോൾ അവിശ്വാസി ചോദിക്കുന്നു. ആ ഈശ്വരന്റെ സർവ്വേശ്വരൻ ആരാണ്? അതിനെ അസഹിഷ്ണതയോടെ എന്തിന് കാണണം? മനുഷ്യർക്ക് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെക്കേണ്ടവർ എങ്ങനെ മതങ്ങളുടെ താങ്ങും തണലുമായി മാറുന്നു?
ഐ.എ.എസ്, ഐ.പി.എസ് ബിരുദം മത പഠനശാലയിൽ നിന്ന് കിട്ടുന്നതല്ല. മത പഠന ശാലയിൽ പഠിച്ചുവരുന്നവരിൽ കാണുക ഭക്തി ചിന്തയാണ്. അതാകട്ടെ മനുഷ്യനും മനുഷ്യ ബന്ധങ്ങൾക്കും പരമപ്രാധാന്യമാണ് നൽകുന്നത്. അവർ മനഃശുദ്ധിയുള്ളവരും കാരുണ്യത്തിന്റെ നിറകുടങ്ങളുമാണ്. ഈശ്വര ചിന്ത പുലർത്തുന്ന ഇന്ത്യയിലെ മതങ്ങളെ പഠിച്ചാൽ ആത്മീയ ചിന്തകളേക്കാൾ ജാതിചിന്തകൾക്കാണ് പരമപ്രാധാന്യം കൊടുക്കുന്നത്. മതേതരത്വം മൈതാന പ്രസംഗങ്ങളായി ജാതിമത ചിന്തകൾ ഊട്ടിവളർത്തുന്നതിലാണ് എല്ലാം രാഷ്ട്രീയ പാർട്ടികളുടേയും ലക്ഷ്യം. ആർ.എസ്.എസ്സിന്റെ വാദം ‘ഒരു സംസ്‌കാരം, ഒരു രാഷ്ട്രം’ എന്നാണ്. എന്നാൽ നമ്മുടെ മതേതര ദേശീയബോധത്തിന് തുരങ്കംവെക്കുന്നത് രാഷ്ട്രീയ പാർട്ടികൾ തന്നെയല്ലേ? അധികാരം കീശയിലാക്കാൻ തെരഞ്ഞെടുപ്പുകളിൽ അവരുടെ ജാതി മത തുറുപ്പ് ചീട്ടുകൾ ഇറക്കി കളിക്കുന്നത് നമ്മൾ കാണുകയല്ലേ? പ്രവാസികൾ പ്രത്യേകിച്ചും പാശ്ചാത്യ മലയാളികൾ ഇതിനെ പുശ്ചത്തോട് കാണുന്നു. ലോകത്തു് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നിലനിർത്താനാണ് ഓരോ മഹാന്മാരും സർഗ്ഗ പ്രതിഭകളും സ്വതന്ത്ര ചിന്ത കരും പ്രവർത്തിച്ചിട്ടുള്ളത്. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ, മഹാത്മാഗാന്ധി, ഗുരു ദേവൻ, ജവഹർലാൽ നെഹ്‌റു, വാജ്‌പേയ്, ഇ.എം.എസ് തുടങ്ങി ധാരാളം കർമ്മ-ധർമ്മ ഗുരുക്കന്മാർ മനുഷ്യരെ പ്രകാശത്തിലേക്ക് നയിച്ചവരാണ്. ‘തമസോമാ ജ്യോതിർഗമായ’ (എന്നെ അന്ധ കാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ചാലും). നല്ല പുസ്തകങ്ങൾ വായിച്ചു് വളരാത്ത ഈ മതമൗലിക-രാഷ്ട്രീയ വാദികളോട് പറയാനുള്ളത് ഇന്ത്യയുടെ പരമ പ്രധാനമായ ഉപനിഷത്തുകളെങ്കിലും വായിച്ചിട്ട് ജനസേവനം ചെയ്യുക. ജനാധിപത്യ മതേതര ഇന്ത്യയെ ചീഞ്ഞളിഞ്ഞ നാടുവാഴി ജന്മി കുടിയന്മാരിലേക്ക് മത പ്രഭുക്കന്മാർ എത്തിക്കരുത്.
കാരൂർ സോമൻ,ചാരുംമൂട്