കുടുംബത്തെ രക്ഷിക്കാൻ കടലിലൂടെ നാല് മണിക്കൂർ നീന്തി 13-കാരൻ; ഓസ്‌ട്രേലിയയിൽ അത്ഭുതകരമായ രക്ഷപ്പെടൽ

പെർത്ത്: കടലിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട് ഉൾക്കടലിലേക്ക് നീങ്ങിയ തന്റെ കുടുംബത്തെ രക്ഷിക്കാൻ നാല് കിലോമീറ്ററോളം കടലിലൂടെ നീന്തിക്കയറിയ പതിമൂന്നുകാരൻ ഓസ്റ്റിൻ ആപ്പിൾബീ (Austin Appelbee) ഓസ്‌ട്രേലിയയുടെ വീരനായകനായി. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ക്വിൻഡാലപ്പിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്. ഓസ്റ്റിന്റെ ധീരമായ ഇടപെടലിലൂടെ അമ്മയും രണ്ട് കൊച്ചു സഹോദരങ്ങളുമാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ക്വിൻഡാലപ്പ് തീരത്ത് കയാക്കിംഗും പാഡിൽ ബോർഡിംഗും നടത്തുന്നതിനിടയിലാണ് ഓസ്റ്റിനും അമ്മ ജോവാനും സഹോദരങ്ങളായ ബോ (12), ഗ്രേസ് (8) എന്നിവരും ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ഉൾക്കടലിലേക്ക് ഒഴുകിപ്പോയത്. കരയിൽ നിന്ന് ഏകദേശം 14 കിലോമീറ്ററോളം അകലെ എത്തിയപ്പോൾ, നാലുപേരും ഒരുമിച്ച് നിന്നാൽ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ ജോവാൻ, ഏറ്റവും മുതിർന്ന മകനായ ഓസ്റ്റിനോട് സഹായം തേടി എങ്ങനെയെങ്കിലും കരയിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.

ആദ്യം ഒരു കയാക്കിൽ നീങ്ങാൻ ശ്രമിച്ചെങ്കിലും അതിൽ വെള്ളം കയറി മുങ്ങാൻ തുടങ്ങിയതോടെ ഓസ്റ്റിൻ കടലിലേക്ക് ചാടി നീന്താൻ തുടങ്ങി. നീന്തലിന് തടസ്സമായതോടെ ലൈഫ് ജാക്കറ്റ് പോലും ഉപേക്ഷിച്ചാണ് ഈ ബാലൻ നാല് മണിക്കൂറോളം ആഞ്ഞടിച്ച തിരമാലകളോട് പൊരുതി കരയിലെത്തിയത്. “നീന്തിക്കൊണ്ടേ ഇരിക്കുക” എന്ന് സ്വയം മന്ത്രിച്ചുകൊണ്ടാണ് താൻ മുന്നോട്ട് നീങ്ങിയതെന്ന് ഓസ്റ്റിൻ പിന്നീട് പറഞ്ഞു. വൈകുന്നേരം ആറ് മണിയോടെ തീരത്തെത്തിയ ഓസ്റ്റിൻ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു.

തുടർന്ന് നടന്ന വിപുലമായ തിരച്ചിലിനൊടുവിൽ രാത്രി 8:30-ഓടെ ഒരു പാഡിൽ ബോർഡിൽ മുറുകെ പിടിച്ചു കിടക്കുകയായിരുന്ന അമ്മയെയും സഹോദരങ്ങളെയും ഹെലികോപ്റ്റർ സഹായത്തോടെ കണ്ടെത്തി. പത്ത് മണിക്കൂറോളം കൊടുംതണുപ്പിൽ കടലിൽ കഴിഞ്ഞ കുടുംബത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഓസ്റ്റിന്റെ ഈ അസാധാരണ ധൈര്യത്തെ “സൂപ്പർ ഹ്യൂമൻ” എന്നാണ് രക്ഷാപ്രവർത്തകർ വിശേഷിപ്പിച്ചത്. വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്കും ഓസ്റ്റിനെ അഭിനന്ദിച്ച് രംഗത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *