മനില: തെക്കൻ ഫിലിപ്പീൻസിൽ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. എംവി തൃഷ കെർസ്റ്റിൻ എന്ന ബോട്ടാണ് മുങ്ങിയത്.
തിങ്കളാഴ്ച പുലർച്ചയോടെ ബലൂക്-ബലൂക് ദ്വീപില്‍ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ ബോട്ടിൽ 332 ജീവനക്കാരും 27 ജീവനക്കാരും അടക്കം 359 പേരാണ് ഉണ്ടായിരുന്നത്.
സാംബോവങ്ക സിറ്റിയിൽ നിന്നും പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം ശക്തമായ തിരയിൽ പെട്ട് ബോട്ടിന്റെ ഡെക്കിൽ വെള്ളം കയറുകയായിരുന്നു. തുടർന്ന് ബോട്ടിലെ ജീവനക്കാർ കോസ്റ്റ്ഗാർഡ് അധികൃതർക്ക് അപായ സൂചന നൽകി.
കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും മറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 പേർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അലിസണ് ഷിപ്പിംഗ് ലൈന്‍സ് എന്ന കമ്പനിയുടേതാണ് മുങ്ങിയ ബോട്ട്.

