ധാക്ക: ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിൽ യാത്രാബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം 5.15-ഓടെ തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ഫെറി ടെർമിനലിലാണ് അപകടമുണ്ടായത്. പത്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്.ദൗലാഡിയ ടെർമിനലിൽ വെച്ച് ഫെറിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പത്മ നദിയിലേക്ക് മറിയുകയായിരുന്നു. പോണ്ടൂണിൽ നിൽക്കുകയായിരുന്ന ബസിനെ മറ്റൊരു ചെറിയ ഫെറി വന്ന് ഇടിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.അപകടസമയത്ത് ഏകദേശം 40-ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിൽ 16 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അപകടം നടന്നയുടൻ 11 ഓളം യാത്രക്കാർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായി ഫയർ സർവീസും കോസ്റ്റ് ഗാർഡും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. രാത്രിയായതും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.സംഭവത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം; നിരവധി പേരെ കാണാതായി

