കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ യാത്രക്കാരുമായി പോയ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ധാഡിംഗ് ജില്ലയിലെ ബെനിഘട്ട് റോറംഗ് റൂറൽ മുനിസിപ്പാലിറ്റിയിൽ ചൈനാധാരയ്ക്ക് സമീപം പൃഥ്വി ഹൈവേയിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ഏകദേശം 150 മീറ്റർ താഴെയുള്ള ത്രിശൂലി നദിയിലേക്ക് പതിക്കുകയായിരുന്നു.
അപകടസമയത്ത് ബസ്സിൽ 35-ലധികം യാത്രക്കാരുണ്ടായിരുന്നു. സംഭവസ്ഥലത്തുതന്നെ പലരും മരിച്ചു. ഇതുവരെ 18 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
കനത്ത മഴയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

