കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് കൂറ്റന്‍ പപ്പാഞ്ഞികള്‍ അഗ്‌നിക്കിരയാകും. ഗലാ ഡി. ഫോര്‍ട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത് 55 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്.നടന്‍ ഷെയിന്‍ നിഗം പൂര്‍ത്തിയായ പപ്പാഞ്ഞിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.അതേസമയം കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റി തയ്യാറാക്കുന്ന പപ്പാഞ്ഞി നിര്‍മാണം പരേഡ് മൈതാനിയില്‍ പുരോഗമിക്കുകയാണ്. ഇവിടെ 50 അടി ഉയരത്തിലുള്ള മോഡല്‍ പപ്പാഞ്ഞിയാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഖാചരണത്തിന്റെ ഭാഗമായി പപ്പാഞ്ഞിയുടെ നിര്‍മാണം നിര്‍ത്തി വെച്ചിരുന്നു.
ഈ രണ്ട് പപ്പാഞ്ഞികള്‍ക്ക് പുറമെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ ആകൃതിയിലുള്ള നൂറോളം പപ്പാഞ്ഞികളും ഒരുങ്ങുന്നുണ്ട്. കൊച്ചു കുട്ടികള്‍ വരെ സംഘം ചേര്‍ന്ന് മിക്ക ഇടവഴികളിലും പപ്പാഞ്ഞി രൂപങ്ങള്‍ ഒരുക്കുന്ന കാഴ്ചയും കുറവല്ല. ഇവയെല്ലാം തന്നെ 31-ാം തിയ്യതി അര്‍ദ്ധ രാത്രി കത്തിക്കും. സന്ധ്യയായാല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് ജനപ്രവാഹമാണ് ഇപ്പോള്‍. കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഭാഗമായി അവസാന ഞായറാഴ്ച നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബിനാലേയിലേക്കുള്ള സന്ദര്‍ശകരുടെ വരവും കൂടിയാകുന്നതോടെ പകല്‍ സമയത്തും തിരക്ക് വര്‍ധിക്കും.

