സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്പാകെ ആയുധംവച്ചു കീഴടങ്ങി.
ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്. അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം.
29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.

