29-ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേള: കേരള മുഖ്യമന്ത്രി പിണറായി വിജയൻ

സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

സംവിധായിക പായൽ കപാഡിയയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’, മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ബ്രസീലിയൻ ചിത്രം ‘മാലു’വിനാണ്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സംവിധായകൻ പെഡ്രോ ഫ്രെയ്‌റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സി’ന്റെ സംവിധായകൻ ഫർഷാദ് ഹഷമിക്കാണ്. നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ‘ദ ഹൈപ്പർബോറിയൻസി’ന്റെ സംവിധായകരായ ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസീനയും സ്വന്തമാക്കി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചിത്രത്തിന്റെ കലാസംവിധായിക നതാലിയ ഗെയ്‌സ് ഏറ്റുവാങ്ങി.

മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും ഫെമിനിച്ചി ഫാത്തിമയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. സിനിമ പുരസ്‌കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമർശം നേടി. അവാർഡുകൾ ഏറ്റുവാങ്ങിയ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്. അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.

മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്’ എന്ന ഇറാനിയൻ ചിത്രം കരസ്ഥമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *