പോർട്ടോ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ‘ലാഫെറിയർ സിറ്റാഡലിൽ’ (Citadelle Laferrière) ശനിയാഴ്ചയായിരുന്നു സംഭവം.പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ചരിത്രപ്രസിദ്ധമായ കോട്ടയുടെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നിരവധി ആളുകൾ ഇവിടെ എത്തിയിരുന്നു. ആഘോഷത്തെക്കുറിച്ചുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് കോട്ട സന്ദർശിക്കാനെത്തിയത്. കോട്ടയുടെ ഇടുങ്ങിയ പ്രവേശന കവാടത്തിന് സമീപമാണ് അപകടമുണ്ടായത്.സന്ദർശകരുടെ തിരക്ക് വർദ്ധിച്ചതിനിടയിൽ കനത്ത മഴ ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ വഷളാവുകയും ആളുകൾ പരിഭ്രാന്തരായി ഓടുകയും ചെയ്തതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ഫ്രാൻസിൽ നിന്ന് ഹെയ്തി സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ വിപ്ലവകാരിയായ ഹെൻറി ക്രിസ്റ്റോഫ് നിർമ്മിച്ചതാണ് ഈ കോട്ട. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹെയ്തിയിൽ പൈതൃക കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 30 മരണം

