ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ബസിൽ നിന്ന് 34 പേരെ സാഹസികമായി രക്ഷപ്പെടുത്തി. ഗ്ലാഡ്‌സ്റ്റണിന് സമീപം മിറിയം വെയിലിൽ ശനിയാഴ്ച പുലർച്ചെ 6.30-ഓടെയാണ് സംഭവം. ആറ് മണിക്കൂർ നീണ്ട അതിതീവ്ര ദൗത്യത്തിനൊടുവിലാണ് ‘സ്വിഫ്റ്റ് വാട്ടർ’ റെസ്ക്യൂ ടീം യാത്രക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.
മേഖലയിൽ രൂപപ്പെട്ട ഉഷ്ണമേഖലാ ന്യൂനമർദ്ദത്തെത്തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്ത അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. ഗ്ലാഡ്‌സ്റ്റണിന് തെക്കുള്ള വെസ്റ്റ്‌വുഡ് റേഞ്ചിൽ മാത്രം 246 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ബസ് യാത്രക്കാരെ കൂടാതെ, വിവിധയിടങ്ങളിൽ വെള്ളത്തിൽ അകപ്പെട്ട മൂന്ന് വാഹനങ്ങളിൽ നിന്നായി ആറ് പേരെ കൂടി പോലീസ് സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് വിറ്റ്‌സൺഡേ വിമാനത്താവളത്തിലേക്കുള്ള റോഡുകൾ വെള്ളത്തിനടിയിലായതോടെ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇവിടുത്തെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയെങ്കിലും തെക്ക്-കിഴക്കൻ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
റോമ, ടൂവൂംബ, ഡാൽബി, കിംഗറോയ് തുടങ്ങിയ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ 50 മുതൽ 200 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സീനിയർ മെറ്റീരിയോളജിസ്റ്റ് ഹാരി ക്ലർക്ക് അറിയിച്ചു

