അമേരിക്കയില്‍ ഷട്ട്ഡൗണിന്റെ പത്തു നാള്‍, നാലായിരം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

വാഷിങ്ടന്‍: അമേരിക്കയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലമായിട്ട് പത്തു ദിവസം തികഞ്ഞതോടെ വ്യാപകമായി പിരിച്ചുവിടല്‍ നടപടികളിലേക്ക് കടന്ന് ഡൊണാള്‍ഡ് ട്രംപ്. പിരിച്ചുവിടല്‍ നോട്ടീസ് ഇതിനകം 4200 ജീവനക്കാര്‍ക്കു നല്‍കിക്കഴിഞ്ഞതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമായി തുടക്കത്തില്‍ പിരിച്ചുവിടല്‍ നോട്ടീസുകള്‍ നല്‍കിയിരിക്കുന്നത് ധന പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ അവരെ സമ്മര്‍ദത്തിലാക്കുന്നതിനാണെന്നും പറയുന്നു. ട്രഷറി, ഹ്യൂമന്‍ സര്‍വീസസ്, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലാണ് നിലവില്‍ നോട്ടീസ് നല്‍കിയവരിലേറെയുമുള്ളത്. നാലായിരം പേരെയെങ്കിലും പിരിച്ചുവിടുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസ് വോട്ട് എക്‌സില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ പിരിച്ചുവിടല്‍ നടത്തുകയാണെങ്കില്‍ നാലായിരം പേരില്‍ ഈ പട്ടിക ഒതുങ്ങില്ലെന്നു കരുതുന്നവരാണേറെ. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി മൂന്നു ലക്ഷം ജീവനക്കാരെ ഈ വര്‍ഷം അവസാനത്തോടെ പിരിച്ചുവിടാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.