ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ ടെന്നന്റ് ക്രീക്കിൽ പോലീസ് കസ്റ്റഡിയിലായിരുന്ന 44-കാരിയായ സ്ത്രീ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇതേ തുടർന്ന് പോലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
ഡാർവിനിൽ നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള ടെന്നന്റ് ക്രീക്ക് വാച്ച് ഹൗസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ത്രീയെ സെല്ലിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പോലീസും സെന്റ് ജോൺ ആംബുലൻസ് അധികൃതരും അടിയന്തര വൈദ്യസഹായം (CPR) നൽകിയ ശേഷം ഇവരെ ടെന്നന്റ് ക്രീക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമായിട്ടില്ല. വാച്ച് ഹൗസിൽ ക്രൈം സീൻ സ്ഥാപിച്ച് കസ്റ്റഡി മരണമെന്ന നിലയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ആലീസ് സ്പ്രിംഗ്സിൽ 24-കാരനായ കുമഞ്ചായി വൈറ്റ് 68-കാരനായ മറ്റൊരു വയോധികൻ എന്നിവർ കസ്റ്റഡിയിൽ മരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

