631KM റേഞ്ച്, 21 മിനിറ്റില്‍ 80% ചാര്‍ജാകും; വളര്‍ച്ചയില്‍ താരമായി ഈ ഇലക്ട്രിക് കാർ

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ അയോണിക് 5 2025 ഡിസംബറില്‍ ശ്രദ്ധേയമായ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ കനത്ത മത്സരം നിലനില്‍ക്കുമ്പോഴും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് ഈ മോഡല്‍ നടത്തിയത്. ഹ്യുണ്ടായിയുടെ ക്രെറ്റ, വെന്യൂ തുടങ്ങിയ മാസ് മാര്‍ക്കറ്റ് മോഡലുകളെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെങ്കിലും വളര്‍ച്ചാ നിരക്കില്‍ അയോണിക് 5 മുന്നിലാണ്. ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബര്‍ മാസത്തില്‍ ആകെ 69 യൂണിറ്റ് അയോണിക് 5 കാറുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്.

72.6 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 217 bhp കരുത്തും 350 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 631 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

150 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ വെറും 21 മിനിറ്റിനുള്ളില്‍ ബാറ്ററി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്ന ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. മികച്ച എയറോഡൈനാമിക് ഡിസൈനും വാഹനത്തിന്റെ റേഞ്ച് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയുമുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ അയോണിക് 5-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ സ്വയം ബ്രേക്ക് പ്രയോഗിക്കാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

കിയ EV6, വോള്‍വോ XC40 റീചാര്‍ജ് തുടങ്ങിയ മോഡലുകളുമായാണ് ഇത് മത്സരിക്കുന്നത്. നിലവില്‍ 46.30 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഇത് വില്‍ക്കുന്നത്. ഉയര്‍ന്ന വില കാറിന്റെ വില്‍പ്പനയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി (സിബിയു) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതുകാരണം ഉയര്‍ന്ന ഇറക്കുമതി തീരുവ നല്‍കേണ്ടി വരുന്നതിനാലാണ് വാഹനത്തിന് ഇത്രയും ഉയര്‍ന്ന വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *