അഡലെയ്ഡ്: മോഷ്ടിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് 700,000 ഡോളറിന്റെ (ഏകദേശം 5.8 കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ച് 35-കാരിയായ സീറ്റണ്‍ സ്വദേശിനിയെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് വ്യാഴാഴ്ച യുവതി പിടിയിലായത്. 2021 മുതല്‍ 2024 വരെ ഓസ്ട്രേലിയയിലുടനീളമുള്ള നിരവധി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മോഷ്ടിച്ച ഡ്രൈവിംഗ് ലൈസന്‍സുകളും പാസ്പോര്‍ട്ടുകളും ഉപയോഗിച്ച് വ്യാജ രേഖകള്‍ നിര്‍മ്മിക്കുകയും, ഇവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും കാര്‍ ലോണുകള്‍ എടുക്കുകയും ചെയ്തുവെന്നാണ് കേസ്.
യുവതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വ്യാജ ഐഡികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങള്‍,മയക്കുമരുന്ന് സാമഗ്രികള്‍,തട്ടിപ്പിലൂടെ സ്വന്തമാക്കിയ ഒരു കാര്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ജാമ്യത്തില്‍ വിട്ട ഇവരെ ജനുവരി 27-ന് പോര്‍ട്ട് അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് എഎഫ്പി മുന്നറിയിപ്പ് നല്‍കി.

