സിഡ്നി: നോര്‍ത്ത് സിഡ്നിയിലെ റൈഡില്‍ (Ryde) യാത്രാ ബസ് മെഡിക്കല്‍ സെന്ററിലേക്ക് ഇടിച്ചുകയറി 9 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ലെയ്ന്‍ കോവ് റോഡും (Lane Cove Rd) എപ്പിംഗ് റോഡും ചേരുന്ന ഇന്റര്‍സെക്ഷനില്‍ വെച്ചായിരുന്നു അപകടം.
ഒരു കാറുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ ഫിസിയോതെറാപ്പി സെന്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍, കാര്‍ ഡ്രൈവര്‍, ഒരു ബസ് യാത്രക്കാരന് എന്നിവരെ റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
നിസാര പരിക്കേറ്റ മറ്റ് ആറുപേര്‍ക്ക് പാരാമെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് വെച്ചുതന്നെ ചികിത്സ നല്കി. അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍ സെന്ററിലുണ്ടായിരുന്ന മുപ്പതോളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

