ആരോഗ്യകരമായ ജീവിതശൈലിക്ക് പേരുകേട്ടവരാണ് ജപ്പാന്‍കാര്‍. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ശരീരത്തിന്റെ ഫിറ്റ്നെസില് ശ്രദ്ധിക്കുകയും ചെയ്യുന്നതോടൊപ്പം,പോസിറ്റിവിറ്റിയുടെ തത്വങ്ങളിലും ജപ്പാനിലെ ജനങ്ങള്‍ വിശ്വസിക്കുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലനത്തിന് സഹായിക്കുന്ന കാര്യങ്ങളും അവര്‍ പ്രധാനമായി കാണുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി ജപ്പാന്‍കാര്‍ പിന്തുടരുന്ന ഒന്നാണ് ആഷി യു.ഫുട്ബാത്ത്. ദിവസവും ചൂടു വെള്ളത്തില്‍ ഏതാണ്ട് ഇരുപത് മിനിറ്റ് കാലുകള്‍ മുക്കി വയ്ക്കുന്ന രീതിയാണിത്. വളരെയധികം റിലാക്സേഷനും കംഫര്‍ട്ടും ഇത് നല്‍കുന്നതോടൊപ്പം ഹൃദയസംബന്ധമായ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഏറെ പ്രധാനപ്പെട്ടതാണ്.
എന്താണ് ആഷി യു?
ആഷി യു പക്ഷാഘാത സാധ്യത കുറയ്ക്കും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഇതുവഴി സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. ജപ്പാനില്‍ പബ്ലിക്ക് ബാത്തുകളിലും റയോക്കാനുകളിലും വീടുകളിലും ആഷി യു ചെയ്യാം. 38 ഡിഗ്രി സെല്‍ഷ്യസിനും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള ചൂടുവെള്ളമാണ് ഇതിന് വേണ്ടത്.ഇത് പാദങ്ങളിലെ നാഡികളെയും രക്തക്കുഴലുകളെയും സാവധാനം ഉത്തേജിപ്പിക്കുന്നു.
ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും ശരീരത്തെ സ്വാഭാവികമായി ചൂടാക്കുകയും ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നമ്മുടെ കാല്പാദങ്ങളുടെ അടിഭാഗം ശരീരത്തിലെ മറ്റു ഭാഗങ്ങളുടെ സൗഖ്യത്തെ ബാധിക്കുന്നതായാണ് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നത്.കാല്പ്പാദങ്ങളില് ഏഴായിരത്തിലധികം നാഡികളുടെ അറ്റം ഉണ്ട്. ഇവയെ റിഫ്ലക്സുകള്‍ എന്നു വിളിക്കുന്നു. ഇവയോരോന്നും ശരീരത്തിലെ ഓരോ അവയവങ്ങളുമായും വ്യവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.ഈ റിഫ്ലക്സ് പോയിന്റുകള്‍, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. കൂടാതെ തടസ്സപ്പെട്ടതോ ഇടുങ്ങിയതോ ആയ ഊര്ജപാതകളെ തുറക്കാനും ഇത് സഹായിക്കുന്നു.
ആഷി യു രക്തചംക്രമണം വര്‍ധിപ്പിക്കുന്നത് എങ്ങനെ?
പ്രായമായ ആളുകളില്‍ രക്തചംക്രമണം സാവധാനത്തില്‍ ആയിരിക്കും.തലച്ചോറും ശരീരത്തിലെ മറ്റ് അവയവങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നതിന് രക്തചംക്രമണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.അല്ലെങ്കില്‍ രക്തം കട്ടപിടിക്കുകയും പക്ഷാഘാതം വരുകയും ചെയ്യും. ആഷി യു എന്ന പാദസ്നാനം, രക്തം സ്വതന്ത്രമായി ഹൃദയത്തിലേക്കൊഴുകാന് സഹായിക്കും. ഇത് ഓക്സിജനെ എത്തിക്കുന്നത് മെച്ചപ്പെടുത്തുകയും വാസ്ക്കുലാര്‍ സ്ട്രെയ്ന്‍ കുറയ്ക്കുകയും ചെയ്യും.
രണ്ടാഴ്ച തുടര്‍ച്ചയായി 15 മിനിറ്റ് നേരം ചൂടുവെള്ളത്തില്‍ കാല്മുക്കി വച്ചവരില്‍ സിസ്റ്റോളിക്, ഡയസ്റ്റോളിക് ബ്ലഡ് പ്രഷര്‍ കുറഞ്ഞതായി ജേണല്‍ ഓഫ് കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. രക്താതിമര്‍ദം അഥവാ ഹൈപ്പര്ടെന്ഷന് ഉള്ള ആയിരം പേരിലാണ് പഠനം നടത്തിയത്. ഹൃദയമിടിപ്പിന്റെ നിരക്കും മെച്ചപ്പെട്ടതായി പഠനത്തില്‍ കണ്ടു. ചൂടുവെളളത്തിലെ പാദസ്നാനം, പാരാസിമ്ബതറ്റിക് ആക്റ്റിവിറ്റി മെച്ചപ്പെടുത്തുക വഴി ശരീരത്തിന്റെ സ്ട്രെസ്സ് റെസ്പോണ്‍സ് കുറയ്ക്കുന്നതായും കണ്ടു. ഇത് ദീര്‍ഘകാലത്തേക്ക് ഹൃദയസംബന്ധമായ ആരോഗ്യമേകും.
എങ്ങനെ ആഷി യു വീട്ടില്‍ ചെയ്യാം?
ഒരു ബേസിനും അല്ലെങ്കില്‍ കാല്മുക്കി വയ്ക്കുന്ന ഫുട്ട് ടബ്ബും ചൂടുവെള്ളവും ഉണ്ടെങ്കില്‍ ആഷി യു ചെയ്യാം.38 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള വെള്ളം ഒരു ബേസിനില്‍ നിറയ്ക്കുക.സൗകര്യമുളള രീതിയില്‍ ഇരുന്നിട്ട് കാല്പാദങ്ങള് 15 മുതല്‍ 20 മിനിറ്റ് വരെ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. ഇതോടൊപ്പം പുസ്തകം വായിക്കുകയോ ഇഷ്ടപ്പെട്ട പാനീയം കുടിക്കുകയോ ശ്വസനവ്യായാമം പരിശീലിക്കുകയോ ആവാം.20 മിനിറ്റിനു ശേഷം കാല്പാദങ്ങള് നന്നായി തുവര്‍ത്തി ഉണക്കുക. ഏതാനും മിനിറ്റുകള്‍ വിശ്രമിക്കുക.

