പനാജി: 25 പേര് കൊല്ലപ്പെട്ട ഗോവ നിശാക്ലബ്ബിലെ തീപ്പിടിത്തത്തവുമായി ബന്ധപ്പെട്ട് ക്ലബ് മാനേജരെയും 3 ജീവനക്കാരെയും അറസ്റ്റു ചെയ്തു.സുരക്ഷാ മുന്‍കരുതലുകളില്ലാതെ നടത്തിയ ഫയര്‍ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്.ക്ലബ്ബ് ഉടമ, മാനേജര്‍,പരിപാടിയുടെ സംഘാടകര്‍,ഗ്രാമമുഖ്യന് എന്നിവര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബില്‍ ആഘോഷ പരിപാടികള്‍ക്കിടെ തീപിടിത്തമുണ്ടായത്.
ക്ലബ് ഉടമകളായ സൗരഭ് ലുത്ര,ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരെയും അര്പോറനാഗോവ പഞ്ചായത്ത് മുഖ്യനെതിരെയുമാണ് സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ കേസെടുത്തത്. മതിയായ സുരക്ഷാ സംവിധാനങ്ങളോ ശ്രദ്ധയോ ഇല്ലാതെ ക്ലബ്ബില്‍ ഫയര്‍ ഷോ സംഘടിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. തീപ്പൊരി ചിതറിയാണ് സീലിങ്ങില്‍ തീപടര്‍ന്നത്.ഫയര്‍ ഷോ തീപ്പിടിത്തതിനു കാരണമാകുമെന്ന് ഇവര്‍ക്ക് പൂര്‍ണ അറിവുണ്ടായിട്ടും പരിപാടി നടത്തിയെന്ന് എഫ്ഐആറില്‍ കുറ്റപ്പെടുത്തുന്നു.
14 ജീവനക്കാരും 4 വിദേശികളും ഉള്‍പ്പെടെയാണ് 25 പേര് തീപ്പിടിത്തത്തില്‍ മരിച്ചത്. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് ഇവരുടെ അന്ത്യം.മുകള്‍ നിലയില്‍ തീ പടര്‍ന്നപ്പോള്‍ താഴത്തെ നിലയിലേക്ക് ഏറെ പേര് ഇറങ്ങിപ്പോയിരുന്നു.ഇവിടെനിന്നു പുറത്തുകടക്കാനാകാതെ ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചത്. അത്യാഹിതങ്ങളില്‍ പുറത്തുകടക്കാന്‍ ക്ലബ്ബിന് എമര്‍ജന്‍സ് എക്സിറ്റ് ഉണ്ടായിരുന്നില്ല. മതിയായ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും പറയുന്നു.

