ബ്രിട്ടനില്‍ ഫ്‌ലൂ വൈറസ് ബാധിതരുടെ എണ്ണം പെരുകുന്നു; അതിതീവ്ര വ്യാപനമെന്ന് ആരോഗ്യവിദഗ്ധര്‍

ലണ്ടന്‍ : ബ്രിട്ടനിലെങ്ങും ഫ്‌ലൂ ബാധിതരുടെ എണ്ണം പെരുകുന്നു. ഫ്‌ലൂ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍.

അതിവ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് രാജ്യത്തെങ്ങും പടരുന്നത്. സൂപ്പര്‍ ഫ്‌ലൂ എന്നറിയപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സ (എച്ച-3, എന്‍-2) ആണ് ഏറ്റവും അധികം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ദിവസവും ചികില്‍സ തേടിയെത്തുന്ന പതിനായിരങ്ങളെക്കൊണ്ട് എന്‍എച്ച്എസ് ആശുപത്രികള്‍ കടുത്ത സമ്മര്‍ദത്തിലാണ്.

കഴിഞ്ഞയാഴ്ച രാജ്യത്തെ ഓരോ എന്‍എച്ച്എസ് ആശുപത്രിയിലും ശരാശരി 1,700 രോഗികള്‍ ഫ്‌ലൂ ബാധിച്ച് ചികില്‍സതേടിയെത്തി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ചികില്‍സതേടിയെത്തുന്ന പ്രായമായവരുടെ ചികില്‍സ ഉറപ്പുവരുത്തി, ജീവന്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ സര്‍ ക്രിസ് വിറ്റി മുന്നറിയിപ്പു നല്‍കി.

ചെറിയ ചുമയും ജലദോഷമുമായി എമര്‍ജന്‍സി കെയറിലേക്ക് ഓടിയെത്തി ആശുപത്രികളുടെ പ്രവര്‍ത്തനം തടയപ്പെടുത്താതിരിക്കാനും ആളുകള്‍ ശ്രദ്ധിക്കണമെന്ന് എന്‍എച്ച്എസ് അധികൃതരുടെ അഭ്യര്‍ഥനയുണ്ട്.

എ ആന്‍ഡ് ഇയുടെ നിര്‍ണായകമായ സമയവും സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നൈപുണ്യവും ദുരുപയോഗപ്പെടുത്തുന്നതാണ് ആരോഗ്യമേഖലയുടെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും വിമര്‍ശനമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *