കാന്‍ബെറ: ഓസ്ട്രേലിയയിലെ വീടുകള്‍ക്കും ബിസിനസ്സുകള്‍ക്കും നല്കിവന്നിരുന്ന 300 ഡോളര്‍ എനര്‍ജി ബില്‍ റിലീഫ് ഫണ്ട് (Energy Bill Relief Fund) നിര്‍ത്തലാക്കുന്നതായി ട്രഷറര്‍ ജിം ചാല്‍മേഴ്സ് പ്രഖ്യാപിച്ചു.വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാന്‍ താല്‍ക്കാലിക ഇളവുകള്‍ക്ക് പകരം കൂടുതല്‍ സ്ഥിരമായ നടപടികളിലേക്കുള്ള സര്‍ക്കാരിന്റെ മാറ്റത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
പണപ്പെരുപ്പം ഉയര്‍ന്ന നിരക്കിലായിരുന്ന സമയത്താണ് താല്‍ക്കാലികമായി ഇത്തരം സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചാല്‍മേഴ്സ് വ്യക്തമാക്കി.നികുതി വ്യവസ്ഥയിലെ മാറ്റങ്ങള്‍,മെഡിക്കെയര്‍ (Medicare), ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്കീം (PBS) എന്നിവയിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരമായ ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ശരിയായ തീരുമാനമാണെന്നും ട്രഷറര്‍ കൂട്ടിച്ചേര്‍ത്തു

