മെല്‍ബണിലെ നിഡ്രിയില് നിയന്ത്രണം വിട്ട കാര്‍ മെഡിക്കല്‍ സെന്ററിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിക്കുകയും, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 9.30-ഓടെ കെയ്ലര് റോഡ് ഹോഫ്മാന്‍സ് റോഡ് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന ആളെ ഇടിച്ച കാര്‍ പിന്നീട് സമീപത്തെ മെഡിക്കല്‍ സെന്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാല്‍നട യാത്രക്കാരനായ പുരുഷന് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മെഡിക്കല്‍ സെന്ററിനുള്ളിലുണ്ടായിരുന്ന സ്ത്രീക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
കാര്‍ ഓടിച്ചിരുന്ന 63-കാരനായ മാരിബിര്‍നോംഗ് സ്വദേശിയെ പരിക്കുകളോടെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് കെയ്ലര്, ഹോഫ്മാന്‍സ് റോഡുകള്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റൂട്ട് 59 ട്രാം സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപകടത്തിന് ദൃക്സാക്ഷികളായവര്‍ അല്ലെങ്കില്‍ സിസിടിവി/ഡാഷ്ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ 1800 333 000 എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു

