ആംബുലന്‍സിന് നേരെ നഗ്‌നനായ യുവാവിന്റെ ആക്രമണം : സ്ഥലത്തെത്താന്‍ വൈകിയതില്‍ മാപ്പ് ചോദിച്ച് പൊലീസ്


പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ കാല്‍ഗൂര്‍ലിയില്‍ (ഗമഹഴീീൃഹശല) ആംബുലന്‍സിന് നേരെ നഗ്‌നനായ യുവാവിന്റെ ആക്രമണം. അക്രമം ഭയന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ ആംബുലന്‍സിനുള്ളില്‍ കുടുങ്ങിക്കിടന്നപ്പോള്‍, സഹായത്തിനെത്താന്‍ 20 മിനിറ്റിലധികം വൈകിയതില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസ് മാപ്പ് ചോദിച്ചു.

ഞായറാഴ്ച രാവിലെ ബോള്‍ഡറിലാണ് സംഭവം നടന്നത്. നഗ്‌നനായ 25-കാരന്‍ ആംബുലന്‍സിന് മുകളില്‍ കയറുകയും വിന്‍ഡ്സ്‌ക്രീന്‍ തകര്‍ക്കുകയും ചെയ്തു. ഈ സമയം വാഹനത്തിനുള്ളിലായിരുന്ന ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും, സംഭവം അവരെ മാനസികമായി തളര്‍ത്തിയെന്ന് സെന്റ് ജോണ്‍ ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു.

പോലീസ് സ്ഥലത്തെത്താന്‍ 22 മിനിറ്റ് എടുത്തു എന്നത് ഖേദകരമാണെന്നും ഇതില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഡബ്ല്യുഎ പോലീസ് കമാന്‍ഡര്‍ റോഡ് വൈല്‍ഡ് പറഞ്ഞു. നഗരത്തില്‍ മറ്റ് അടിയന്തര സാഹചര്യങ്ങളും സെന്റ് ബാര്‍ബറ പരേഡും നടന്നതുകൊണ്ടാണ് പോലീസ് എത്താന്‍ വൈകിയതെന്നാണ് വിശദീകരണം.

അക്രമിയായ യുവാവിനെതിരെ ക്രിമിനല്‍ നാശനഷ്ടം വരുത്തിയതിനും ജീവന് ഭീഷണിയുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, പോലീസിന് ആവശ്യത്തിന് അംഗബലമില്ലാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *