കരയിലെത്തിയ തിമംഗല സ്രാവിനെ നാട്ടുകാരുടെ സഹായത്തോടെ വിനോദ സഞ്ചാരികള്‍ തിരിച്ചയച്ചു

കൊല്ലം: പരവൂര്‍ തെക്കുംഭാഗം പള്ളിക്ക് പടിഞ്ഞാറ് തീരത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു.സര്‍ഫിങ്ങ് ചെയ്തുകൊണ്ടിരുന്ന വിനോദസഞ്ചാരികള്‍ നാട്ടുകാരുടെ സഹായത്തോടെ സ്രാവിനെ കടലിലേക്ക് തള്ളിവിട്ടു. വീണ്ടും തിരിച്ചുവന്നെങ്കിലും ബോട്ട് ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.

റെസ്‌ക്യൂവര്‍ ശംഖുമുഖം അജിത് സ്ഥലത്ത് എത്തിയിരുന്നു. നവംബര്‍ മാസം മുതല്‍ ഗുജറാത്ത് തീരത്തുനിന്നു തിമിംഗല സ്രാവുകളുടെ ദേശാടനം ഉള്ളതാണ്. കമ്പവലയില്‍ കുരുങ്ങിയാണ് പലപ്പോഴും കരയിലേക്ക് എത്തുന്നതെന്ന് കൊല്ലം ഫാത്തിമമാതാ കോളേജിലെ സുവോളജി വിഭാഗം മേധാവി ഡോ.പി.ജെ. സര്‍ളിന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ്. ഈ ഭീമന്‍ സ്രാവിന് 15 മീറ്റര്‍ വരെ നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ഞണ്ട് കൊഞ്ച് ഇനത്തില്‍ പെട്ടതിനേയും മത്സ്യങ്ങളേയും ഗില്‍ റാക്കറുകള്‍ ഉപയോഗിച്ച് അരിച്ചെടുത്താണ് ആഹാരമാക്കുന്നത്. ചാരയോ നീലയോ പച്ച കലര്‍ന്ന തവിട്ടു നിറത്തില്‍ നേര്‍ത്ത മഞ്ഞയോ വെള്ളയോ ആയ പുള്ളികള്‍ ശരീരത്തില്‍ കാണാം.

ചെറിയ വായും വലിപ്പമേറിയ മേല്‍ചുണ്ടുമാണ് പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് തല. ആഴക്കടലിലും പവിഴപ്പുറ്റുകള്‍ക്കും ഇടയിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ ദൂരം സഞ്ചരിക്കുന്നവയാണ്. കൊല്ലത്ത് അടിഞ്ഞത് നല്ല വലിപ്പമുള്ളതായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മുക്കാട് പള്ളിക്ക് സമീപം ഒരെണ്ണം ചത്തനിലയില്‍ അടിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *