സിഡ്നി: വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയയില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു.വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം കടുത്ത ചൂടും, കാട്ടുതീ ഭീഷണിയും, ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വേനല്‍ക്കാലത്തെ ആദ്യ ആഴ്ചയില്‍ രാജ്യത്തെ താപനിലയില്‍ 50 ഡിഗ്രിയുടെ അന്തരമാണ് രേഖപ്പെടുത്തിയത്.വെസ്റ്റേണ്‍ ഓസ്ട്രേലിയ,സൗത്ത് ഓസ്ട്രേലിയ,നോര്‍ത്തേണ്‍ ടെറിട്ടറി, ക്വീന്സ്ലാന്ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച വരെ കനത്ത ചൂട് അനുഭവപ്പെടും.W-Aയിലെ പില്ബറ മേഖലയില്‍ താപനില 45 ഡിഗ്രിക്ക് മുകളില്‍ എത്തിയേക്കാം.
ന്യൂ സൗത്ത് വെയില്‍സില്‍ (NSW), പ്രത്യേകിച്ച് സിഡ്നി, ഹണ്ടര്‍, ഇല്ലവാര മേഖലകളില്‍ കാട്ടുതീ ഭീഷണി (Fire Danger) നിലനില്‍ക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടുത്തത്തില്‍ 20-ഓളം വീടുകള്‍ നശിക്കുകയും ജോണ്‍ ലോഹന് എന്ന ഫയര്‍ഫൈറ്റര്‍ മരിക്കുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ചൂട് കൂടുമെന്നും,ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) അറിയിച്ചു

