ഹോബാര്‍ട്ട്: ടാസ്മാനിയയിലെ ഹോബാര്‍ട്ടില്‍ സ്കൂളിന് പുറത്തുവെച്ച് കാറിടിച്ച് 12 വയസ്സുകാരന് മരിച്ച സംഭവത്തില്‍,പ്രതിയായ സ്ത്രീക്ക് കോടതി സസ്പെന്‍ഡഡ് തടവുശിക്ഷ (Suspended Jail Sentence) വിധിച്ചു.2024 ഏപ്രിലില്‍ കോസ്ഗ്രോവ് ഹൈസ്കൂളിന് മുന്നിലുണ്ടായ അപകടത്തില്‍ മാര്‍ഷല്‍ ഓക്ലി-സ്റ്റാഗ് എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസിലാണ് വിധി.
അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായ കുറ്റത്തിന് എലീന അനിത ബെഗോവിച്ച് (51) എന്ന സ്ത്രീക്ക് കോടതി 4 മാസത്തെ തടവുശിക്ഷയാണ് വിധിച്ചത്. എന്നാല്‍, ഈ ശിക്ഷ 2 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതിനാല്‍ ഇവര്‍ ജയിലില്‍ പോകേണ്ടതില്ല. കൂടാതെ, 12 മാസത്തേക്ക് ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
മദ്യപാനമോ അമിതവേഗതയോ ഉണ്ടായിരുന്നില്ലെന്നും,പ്രതി കുറ്റം ഏറ്റുപറഞ്ഞതും കണക്കിലെടുത്താണ് മജിസ്ട്രേറ്റ് റോബര്‍ട്ട് വെബ്സ്റ്റര്‍ ശിക്ഷയില്‍ ഇളവ് നല്‍കിയത്. എന്നാല്‍ സ്കൂള്‍ കുട്ടികള്‍ നടക്കുന്ന സ്ഥലമായിരുന്നിട്ടും ഡ്രൈവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് കോടതി കണ്ടെത്തി.
വിധിക്കെതിരെ കുട്ടിയുടെ അമ്മ കരീന സ്റ്റാഗ് രൂക്ഷമായി പ്രതികരിച്ചു.തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും,വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരണമെന്നും അവര്‍ ആവശ്യപ്പെട്ടു

