സിഡ്നി: ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാര്‍ യാത്രക്കാര്‍ക്കായി വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ‘ഏര്‍ലി ഈസ്റ്റര്‍ സെയില്‍’ (Early Easter Sale) എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫറിലൂടെ 115,000-ലധികം വിമാന സീറ്റുകളാണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്.
ക്ലബ് ജെറ്റ്സ്റ്റാര്‍ അംഗങ്ങള്‍ക്ക് ബുധനാഴ്ച ഉച്ച മുതലും, മറ്റുള്ളവര്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 12.01 മുതലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ഡിസംബര്‍ 15 തിങ്കളാഴ്ച വരെയാണ് ഓഫര്‍ കാലാവധി.
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് 38 ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. സിഡ്നിയില്‍ നിന്ന് ബല്ലിന ബൈറണിലേക്ക് 38 ഡോളറും,ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് സിഡ്നിയിലേക്ക് 56 ഡോളറും, ന്യൂകാസിലില്‍ നിന്ന് മെല്‍ബണിലേക്ക് 57 ഡോളറുമാണ് നിരക്ക്.
ബാലിയിലേക്കുള്ള യാത്രകള്‍ക്ക് പെര്‍ത്തില്‍ നിന്ന് 149 ഡോളര്‍, മെല്‍ബണില്‍ നിന്ന് 199 ഡോളര്‍, അഡ്ലെയ്ഡില് നിന്ന് 209 ഡോളര്‍, ബ്രിസ്ബേനില്‍ നിന്ന് 229 ഡോളര്‍ എന്നിങ്ങനെയാണ് നിരക്കുകള്‍.2026 ജനുവരി മുതല്‍ ഡിസംബര്‍ പകുതി വരെയുള്ള ആഭ്യന്തര യാത്രകള്‍ക്കും, ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള അന്താരാഷ്ട്ര യാത്രകള്‍ക്കും ഈ ഇളവ് ലഭിക്കും.ക്രിസ്മസ്,പുതുവത്സര തിരക്കുകള്‍ നേരിടാന്‍ തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണെന്ന് ജെറ്റ്സ്റ്റാര്‍ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാനി ടള്ളി അറിയിച്ചു.

