ലണ്ടന്‍ : സ്കോട്ലന്ഡില് കെയര്‍ ഹോമില്‍ വച്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നാടുവിട്ട മലയാളി യുവാവിനെ ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റ് ചെയ്ത് തിരികെ എത്തിച്ച് ജയിലില്‍ അടച്ച് ബ്രിട്ടന്. നൈജില്‍ പോള്‍ (47) എന്ന മലയാളി മെയില്‍ നഴ്സിനെയാണ് തിങ്കളാഴ്ച സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോ കോടതി ഏഴ് വര്‍ഷവും ഒന്‍പത് മാസവും കഠിന തടവിന് ശിക്ഷിച്ചത്.
ജയില്‍ മോചിതനായ ശേഷം രണ്ട് വര്‍ഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.സ്കോട്ലന്‍ഡിലെ ഹാമില്‍ട്ടണില്‍ നൈജില്‍ മാനേജരായിരുന്ന കെയര്‍ ഹോമിലെ യുവതികളായ മൂന്ന് ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ രോഗിയായ പിതാവിനെ സംരക്ഷിക്കാനെന്ന പേരില്‍ നാട്ടിലേക്ക് മുങ്ങിയ ഇയാളെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തിച്ച് വിചാരണ പൂര്‍ത്തിയാക്കിയാണ് ജയിലില്‍ അടച്ചത്.ബ്രിട്ടിഷ് പൗരത്വമുള്ളയാളാണ് നൈജില്‍.
2018ലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയായ ഒരു ജീവനക്കാരിയെ നൈജില്‍ പീഡിപ്പിക്കുകയും മറ്റു രണ്ട് ജീവനക്കാരികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്.2019ല്‍ ഈ കേസില്‍ വിചാരണ തുടങ്ങും മുന്‍പാണ് ഇയാള്‍ ബ്രിട്ടന് വിട്ട് നാട്ടിലേക്ക് മടങ്ങിയത്.ഒരു തവണ കോടതിയില്‍ ഹാജരായ ഇയാള്‍ 2019 ഡിസംബര്‍ നാലിന് വീണ്ടും കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ദിവസം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ആരംഭിച്ചത്.
ഗ്ലാസ്ഗോ കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ പീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ സമ്മതിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെയും നയതന്ത്ര ഇടപെടലിലൂടെയുമാണ് ഇയാളെ തിരികെ ബ്രിട്ടനില്‍ എത്തിക്കാനായത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യങ്ങളാണ് നൈജില്‍ ചെയ്തതെന്നും യുവതികളായ സ്ത്രീകള്‍ക്ക് ഇയാള്‍ ഭീഷണിയാണെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.ശിക്ഷാ കാലയളവിനു ശേഷവും സെക്സ് ഒഫന്റര്‍മാരുടെ ലിസ്റ്റില്‍ (ലൈംഗിക കുറ്റവാളി) ഇയാളുടെ പേര് രേഖപ്പെടുത്തണമെന്നും ഒരു കാരണവശാലും അതിജീവിതകളുടെ അടുത്തേക്ക് പോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2025 ജൂണ്‍ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനില്‍ എത്തിക്കാന്‍ ബ്രിട്ടന് ഡല്‍ഹി കോടതിയിലൂടെ അനുമതി വാങ്ങിയത്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രണവ് ജോഷിയാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

