പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജുമൈറ ഇക്കോ വില്ലേജ് ദുബായില്‍ ആരംഭിച്ചു

ദുബായ്: ആഡംബര ഹോസ്പിറ്റാലിറ്റി രംഗത്തെ ആഗോള പ്രമുഖരും ദുബായ് ഹോള്‍ഡിങ്ങിലെ അംഗവുമായ ജുമൈറ, സുസ്ഥിരമായ ജീവിതശൈലിക്ക് പ്രചോദനം നല്‍കുന്ന ‘ജുമൈറ ഇക്കോ വില്ലേജ്’ ദുബായില്‍ ആരംഭിച്ചു. മദിനത്ത് ജുമൈറയില്‍ ഒരുക്കിയിട്ടുള്ള ഈ ഉദ്യമം വിദ്യാഭ്യാസപരവും ആകര്‍ഷകവുമായ അനുഭവങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, ഉത്തരവാദിത്തത്തോടെയുള്ള ഉത്പാദനം എന്നിവയില്‍ ജുമൈറ നടത്തുന്ന ശ്രമങ്ങള്‍ സജീവമായി പ്രദര്‍ശിപ്പിക്കുന്ന ഒരു വേദിയാണ് ജുമൈറ ഇക്കോ വില്ലേജ്. കഥപറച്ചിലുകളിലൂടെയും സംവേദനാത്മകമായ പ്രദര്‍ശനങ്ങളിലൂടെയും അതിഥികള്‍ക്ക് വ്യതിരിക്തവും ലക്ഷ്യബോധമുള്ളതുമായ അനുഭവങ്ങള്‍ നല്‍കാനുള്ള ബ്രാന്‍ഡിന്റെ ദൗത്യത്തെ ഇത് പിന്തുണയ്ക്കുന്നു.

മള്‍ട്ടി-സെന്‍സറി യാത്ര – തേനീച്ചക്കൂടില്‍ നിന്ന് തുടക്കം

സന്ദര്‍ശകരെ ഒരു മള്‍ട്ടി-സെന്‍സറി യാത്രയിലൂടെയാണ് ഇക്കോ വില്ലേജ് കൊണ്ടുപോകുന്നത്. മദീനത്ത് ജുമൈറയിലെ തേനീച്ചക്കൂടില്‍ നിന്നാണ് യാത്രയുടെ തുടക്കം. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ പരാഗണകാരികള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ഇതിലൂടെ മനസ്സിലാക്കാം. ജലസേചനം കാര്യക്ഷമമാക്കിയുള്ള കാര്‍ഷിക രീതികള്‍ പ്രദര്‍ശിപ്പിക്കുന്ന ഹൈഡ്രോപോണിക് ഫാമിലേക്കാണ് അടുത്ത യാത്ര. ആതിഥ്യ മേഖലയില്‍ സുസ്ഥിരമായ ഭക്ഷ്യ സംവിധാനങ്ങള്‍ എങ്ങനെ സമന്വയിപ്പിക്കാമെന്ന് ഈ ഫാം വ്യക്തമാക്കുന്നു.

കടല്‍ സംരക്ഷണത്തിലെ നാഴികക്കല്ലുകള്‍

ജുമൈറയുടെ വിപുലമായ സമുദ്ര സംരക്ഷണ പ്രവര്‍ത്തനങ്ങളും ഈ കേന്ദ്രം എടുത്തു കാണിക്കുന്നു.2004 മുതല്‍ അറബിക്കടലിലേക്ക് 2,320-ല്‍ അധികം ആമകളെ രക്ഷപ്പെടുത്തി, പുനരധിവസിപ്പിച്ച് തിരിച്ചയച്ച ‘ദുബായ് ടര്‍ട്ടില്‍ റിഹാബിലിറ്റേഷന്‍ പ്രൊജക്ടും’ പവിഴപ്പുറ്റ് പുനഃസ്ഥാപിക്കാനുള്ള ജുമൈറയുടെ പദ്ധതികളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. സമുദ്ര സംരക്ഷണത്തിന്റെ ഭാഗമായി ജുമൈറ അല്‍ നസീം നഴ്‌സറിയില്‍ 1,400-ല്‍ അധികം പവിഴപ്പുറ്റുകളെ പരിപാലിക്കുകയും 300-ല്‍ അധികം പവിഴ ഭാഗങ്ങള്‍ കടലിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് വികസനങ്ങളിലൊന്നായ ‘ദുബായ് റീഫി’ന് പിന്തുണ നല്‍കുകയും ചെയ്യുന്നു.

മാലിന്യം കുറയ്ക്കുന്നു

മാലിന്യം കുറയ്ക്കുന്നതിനും ഉത്തരവാദിത്തത്തോടെയുള്ള ഉത്പാദനത്തിനും ജുമൈറ നല്‍കുന്ന പ്രാധാന്യവും സന്ദര്‍ശകര്‍ക്ക് ഇവിടെ കണ്ടെത്താനാകും. യുഎഇ ആസ്ഥാനമായുള്ള ക്ലൈമറ്റ് ടെക് സ്റ്റാര്‍ട്ടപ്പായ ‘മിഡോറി നെറ്റ്വര്‍ക്കി’ന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ‘ജുമൈറ റീസൈക്കിള്‍ ഹബ്ബി’ലെ പ്ലാസ്റ്റിക് പുനരുപയോഗ ശില്‍പശാലയോടെയാണ് അനുഭവം അവസാനിക്കുന്നത്. ഇവിടെ നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യം പുതിയതും ഉപയോഗപ്രദവുമായ ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ അതിഥികളെ ക്ഷണിക്കുന്നു.

ലക്ഷ്യബോധത്തോടെ മുന്നോട്ട്

ആഗോളതലത്തില്‍ ഞങ്ങള്‍ വികസിക്കുമ്പോഴും ഓരോ ലക്ഷ്യസ്ഥാനത്തെയും നല്ലൊരു അയല്‍വാസിയായി നിലകൊള്ളാനും അവിടുത്തെ പരിസ്ഥിതിയെ ആദരിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജുമൈറ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തോമസ് ബി. മിയര്‍ പറഞ്ഞു. ഞങ്ങളുടെ സുസ്ഥിരതാ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്ന ഒരു അനുഭവവേദിയാണ് ജുമൈറ ഇക്കോ വില്ലേജ്. ഇതിലൂടെ അതിഥികളെയും സഹപ്രവര്‍ത്തകരെയും വിശാലമായ സമൂഹത്തെയും അവരുടെ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ സുസ്ഥിരമായ ശീലങ്ങള്‍ സ്വീകരിക്കാന്‍ പ്രചോദിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

2025 സെപ്റ്റംബറില്‍ ജുമൈറ പരിസ്ഥിതി ചാരിറ്റിയായ ഓഷ്യന്‍ ജനറേഷനുമായി ചേര്‍ന്ന് യുഎഇ സ്‌കൂളുകളില്‍ ആഴത്തിലുള്ള സമുദ്ര പരിസ്ഥിതി വിദ്യാഭ്യാസം നല്‍കുന്നതിന് പങ്കാളിയായി. യുനെസ്‌കോയുടെ അംഗീകാരമുള്ള ഓഷ്യന്‍ അക്കാദമി പ്രോഗ്രാം ദുബായിലെ അഞ്ച് സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ജുമൈറ ഇക്കോ വില്ലേജ് 2025 ഡിസംബര്‍ 11 മുതല്‍ അതിഥികള്‍ക്കായി തുറന്നു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *