സിഡ്നി: സിഡ്നിയിലെ നരേലാന് വെയിലില്‍ ഗര്‍ഭിണിയായ യുവതിക്ക് നേരെ പങ്കാളിയുടെ ആക്രമണം. 36-കാരിയായ യുവതിയെ ഇയാള്‍ സ്വന്തം വീടിന്റെ ഡ്രൈവ്വേയില്‍ വെച്ച് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. വാക്കുതര്‍ക്കത്തിനിടെ ഇയാള്‍ യുവതിയുടെ തലയില്‍ ഗ്ലാസ് വാസ് കൊണ്ട് അടിക്കുകയും, തുടര്‍ന്ന് കാര്‍ പിന്നിലേക്ക് എടുത്ത് യുവതിയുടെ ദേഹത്ത് കൂടി കയറ്റുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ സമീപത്തെ ഒരു ഫോണ്‍ ബൂത്തിന് അടുത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയതായിരുന്നു.തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണെങ്കിലും, നിലവില്‍ സ്ഥിരത കൈവരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗാര്‍ഹിക പീഡനം, മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിക്ക് ജാമ്യം നിഷേധിച്ചു, ഇയാളെ വ്യാഴാഴ്ച ക്യാമ്പല്ടൗണ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കും.

